08 June, 2023 08:37:33 AM
കിലോയ അഗ്നിപർവതം വീണ്ടും ക്ഷുഭിതനായി: ലാവ തിളച്ചു പൊന്തി പുറത്തേക്ക്
ഹോണോലുലു: ഹവായ് ദ്വീപിലെ കിലോയ അഗ്നിപർവതം വീണ്ടും ക്ഷുഭിതനായിരിക്കുകയാണ്. അഗ്നിപർവതത്തിന്റെ ഗർത്തത്തിൽ നിന്നു ലാവ തിളച്ചുയർന്നു പൊന്തി പുറത്തേക്കൊഴുകാൻ തുടങ്ങി. അഗ്നിപർവത്തിനു ചുറ്റും തീയും പുകയുമാണ്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കിലോയ വീണ്ടും ലാവ പ്രവഹിപ്പിച്ചത്.
കിലോയയിലെ ഹലേമൗമൗ ഗർത്തത്തിനുള്ളിലെ വിള്ളലുകളിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുകയാണെന്ന് യുഎസ് ജിയോളജിക്കൽ സർവേയുടെ ഹവായിയൻ അഗ്നിപർവത നിരീക്ഷണാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതം എന്ന പേരുള്ള കിലോയ 1983 മുതൽ കൃത്യമായ ഇടവേളകളിൽ തീതുപ്പുന്നുണ്ട്.
മൂന്നു ലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾ പഴക്കമുള്ളതാണ് കിലോയ. നാലായിരത്തിലധികം അടി ഉയരമുള്ള പർവതത്തിന്റെ പേരിന്റെ അർഥം 'എപ്പോഴും പ്രവഹിക്കുന്നത്' എന്നാണ്. 'ഷീൽഡ് വോൾക്കനോ' എന്ന വിഭാഗത്തിലാണ് കിലോയയുടെ സ്ഥാനം. 1990ൽ ഒരു പൊട്ടിത്തെറിയിൽ ഹവായിയിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ മുഴുവനായി കിലോയയിൽ നിന്നുള്ള ലാവാപ്രവാഹം നശിപ്പിച്ചുകളഞ്ഞു.