25 May, 2023 01:17:51 PM


സഹപാഠികളായ വനിതകൾക്ക് ഉപയോഗിച്ച 'കോണ്ടം' തപാലില്‍; പ്രതിയെ തിരഞ്ഞ് പോലീസ്



മെൽബണ്‍: രണ്ടു മാസമായി ഉപയോഗിച്ച ഗര്‍ഭനിരോധന ഉറ തപാൽ വഴി ലഭിക്കുന്നതിന്‍റെ ഞെട്ടലിലാണ് ഒരേ സ്കൂളിൽ പഠിച്ച 65ഓളം വനിതകൾ. പഠിച്ച് 23 വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു സംഭവം. കവര്‍ തുറന്നവർക്ക് ഗര്‍ഭനിരോധന ഉറയോടൊപ്പം ഭീഷണി സന്ദേശവുംലഭിച്ചു. മുൻ സഹ വിദ്യാർത്ഥിനികളെ ലക്‌ഷ്യം വച്ചുള്ള ഏതോ ഒരാളുടെ പ്രവർത്തിയുടെ ഭാഗമാണ് ഈ കത്തുകൾ എന്ന് പോലീസ് സംശയിക്കുന്നു.

ഓസ്‌ട്രേലിയയിലെ മെൽബണിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളാണ് ഇവർ. രണ്ടു മാസമായി ഈ സംഭവം അരങ്ങേറാൻ തുടങ്ങിയിട്ട്. ഇക്കൊല്ലം മാർച്ച് 20നാണ് ആദ്യ തപാൽ ലഭിച്ചത്. ശേഷം പലപ്പോഴായി പലർക്കും കത്ത് ലഭിച്ചു തുടങ്ങി. പരാതിയുമായി ഓരോരുത്തരായി മുന്നോട്ടുവന്നു.

കുറച്ചു നാൾ മുൻപ് പൂര്‍വവിദ്യാർഥികൾ ചേർന്നൊരു ഡയറക്ടറി ഇറക്കിയിരുന്നു. ഇതിൽ ഓരോരുത്തരുടെയും പേരും മേൽവിലാസവും ഉണ്ടായിരുന്നു. ഈ ബുക്ക് കയ്യിൽക്കിട്ടിയ ആൾ ദുരുപയോഗം ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ചിലപ്പോൾ ആരുടെയെങ്കിലും പങ്കാളിയോ സഹോദരനോ ആവാനും സാധ്യതയുണ്ട്. ഭീഷണി സന്ദേശങ്ങളിൽ അശ്‌ളീല വരികളാണുള്ളത്. ഡിഎന്‍എ ടെസ്റ്റും കയ്യക്ഷര പരിശോധനയും നടത്തി ആളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് പരിഗണനയിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K