24 May, 2023 12:01:24 PM


എഐ ക്യാമറ നിരീക്ഷണം: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്



തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുവെന്നും പൊതു വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.  

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K