19 December, 2025 07:30:31 PM


ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍



തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു.സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണംവാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്റ്റിലായത്. ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനാണ്.

ഉണ്ണികൃഷ്ണൻപോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍.

ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്.

പങ്കജ് ഭണ്ഡാരി ആദ്യം തെറ്റായ മൊഴിയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ഇയാൾ ആദ്യം പറഞ്ഞിരുന്നത് സ്വർണപ്പാളികൾ തന്‍റെ സ്ഥാപനത്തില്‍ എത്തിച്ചിട്ടില്ല എന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയതെന്നുമാണ്. കൂടാതെ സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശുകയോ ചെയ്യില്ലെന്നും ഇയാൾ പറഞ്ഞു. ഈ മൊഴി അന്വേഷണ സംഘത്തിന് വലിയ സംശയങ്ങൾ ഉണ്ടിക്കിയിരുന്നു. നിലവില്‍ ഇവരുടെ അറസ്റ്റോടുകൂടി കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935