17 May, 2023 03:23:50 PM
തമിഴ്‌നാട് വിഷമദ്യ ദുരന്തം: മദ്യമുണ്ടാക്കിയയാൾ പിടിയിൽ
ചെന്നൈ: വിഷമദ്യ ദുരന്തത്തിൽ വിഷമദ്യമുണ്ടാക്കിയ ആൾ പിടിയിൽ. ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു. വ്യാജമദ്യം നിർമിക്കുന്നതിനായി മെഥനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശിയും പിടിയിലായി. 1000 ലിറ്റർ മെഥനോളാണ് ഇളയതമ്പിയെന്ന ഇയാൾ നൽകിയതെന്നാണ് മൊഴി. ഇയാളുടെ 4 സഹായികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, തമിഴ്നാട്ടിൽ വില്ലുപുരം, ചെങ്കൽപ്പേട്ട് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. ചൊവ്വാഴ്ച 5 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. ചെങ്കൽപ്പേട്ടിലെ മധുരാന്തകത്ത് 3 പേരും വില്ലുപുരത്തെ മാറക്കാനത്ത് 2 പേരുമാണ് ഇന്നലെ മരിച്ചത്.
വില്ലുപുരത്തു മാത്രം 47 പേർ ചികിത്സയിലുണ്ട്. വില്ലുപുരം മരക്കാനത്തിനടുത്തുള്ള എക്കിയാർകുപ്പത്തിൽ ഒരു സ്ത്രീയടക്കം 14 പേരാണ് മരിച്ചത്. 40ലധികം പേർ മുണ്ടിയമ്പാക്കം, ഡിണ്ടിവനം, പുതുച്ചേരി സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. ചെങ്കൽപെട്ട് ജില്ലയിലെ 2 ജില്ലയിൽ 2 ഗ്രാമങ്ങളിൽ വിഷമദ്യം കഴിച്ച് 2 സ്ത്രീകളടക്കം 8 പേർ മരിച്ചു. 5 പേർ ചെങ്കൽപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വില്ലുപുരം എസ്പി, 2 ഡിവൈഎസ്പിമാർ എന്നിവരുൾപ്പെടെ 10 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ചെങ്കൽപ്പെട്ട് എസ്പിയെ സ്ഥലം മാറ്റി. രണ്ടു ജില്ലകളിലും പൊലീസ് വ്യാപക തെരച്ചിൽ തുടങ്ങി. വില്ലുപുരത്ത് 55 വ്യാജമദ്യ വിൽപ്പനക്കാരെ കസ്റ്റഡിയിലെടുത്തു. 109 ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു. കടലൂരിൽ 88 പേരെ കസ്റ്റഡിയിലെടുത്തു. 22 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവാരൂരിൽ 44 പേരെ കസ്റ്റഡിയിലെടുത്തു.