10 May, 2023 04:07:35 PM


യുഎഇയിലെ ബോട്ട് അപകടം; ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു



ഷാര്‍ജ: ഷാര്‍ജയിലെ ഖോര്‍ഫുക്കാനില്‍ ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസമുണ്ടായ ബോട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകന്‍ പ്രണവ് (7) ആണ് മരിച്ചത്. അബുദാബിയിലെ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന പ്രണവ് അപകടത്തിന് ശേഷം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാസര്‍കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) അപകട ദിവസം തന്നെ മരിച്ചിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. പെരുന്നാള്‍ ദിവസം വൈകുന്നേരം 3.40നാണ് ഉല്ലാസ യാത്രാ ബോട്ട് മറിഞ്ഞ് യാത്രക്കാര്‍ കടലില്‍ വീണത്. കരയില്‍ നിന്ന്  ഒന്നര കിലോമീറ്റര്‍ അകലെയെത്തിയപ്പോഴായിരുന്നു അപകടം. ആകെ 18 പേരാണ് ഈ സമയം ബോട്ടിലുണ്ടായിരുന്നത്.

റെസ്‍ക്യൂ സംഘങ്ങളും, ആംബുലന്‍സ്, പൊലീസ് തുടങ്ങിയവയും വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തി. കടലില്‍ വീണ എല്ലാവരെയും തീരസുരക്ഷാ സേനയുടെ സഹകരണത്തോടെ കരയ്ക്കെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍‍തു. 

ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി അറിയിച്ചിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K