19 April, 2023 07:46:30 AM
ചൈന സർക്കാരിന് വേണ്ടി അനധികൃത പോലീസ് സ്റ്റേഷൻ: രണ്ടു പേർ അറസ്റ്റിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലോവർ മാൻഹട്ടനിൽ ചൈന സർക്കാരിന് വേണ്ടി അനധികൃത പോലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ സഹായിച്ചെന്നാരോപിച്ച് രണ്ട് പേരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ചൈനീസ് സർക്കാരിന്റെ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ബ്രോങ്ക്സിൽ നിന്നുള്ള ഹാരി ലു ജിയാൻവാംഗ് (61), മാൻഹട്ടനിലെ ചെൻ ജിൻപിംഗ് (59) എന്നിവരാണ് അറസ്റ്റിലായതെന്ന് എഫ്ബിഐ അറിയിച്ചത്.
പബ്ലിക് സെക്യൂരിറ്റി മിനിസ്ട്രിയുടെ ഫുജൂ ബ്രാഞ്ചിന് വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യത്തെ വിദേശ പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ പ്രതികൾ ഒരുമിച്ച് പ്രവർത്തിച്ചെന്ന് എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ആഗോള ശക്തിയായി മാറുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി കാനഡ, അയർലൻഡ്, യുഎസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ നിയമവിരുദ്ധമായി ചെെന പൊലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
                                
                                        



