08 March, 2023 02:14:35 PM


വിദേശ ഇടപെടൽ അനുവദിക്കില്ല; ചൈനയ്ക്ക് കനേഡിയൻ മന്ത്രിയുടെ മുന്നറിയിപ്പ്



ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ജി20 യോഗത്തോടനുബന്ധിച്ച് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങുമായി കൂടിക്കാഴ്ച നടത്തി. കാനഡയുടെ ആഭ്യന്തര കാര്യങ്ങളിലും ജനാധിപത്യത്തിലും ഒരുതരത്തിലുള്ള വിദേശ ഇടപെടലും ഒരിക്കലും അനുവദിക്കില്ല എന്ന് കൂടിക്കാഴ്ചയിൽ മെലാനി ജോളി ചൈനീസ് മന്ത്രിയോട് പറഞ്ഞതായി റിപ്പോർട്ടുകൾ.

കൂടിക്കാഴ്ചയിൽ മെലാനി ജോളി വ്യക്തമായും ശക്തമായും തങ്ങളുടെ നിലപാട് അറിയിച്ചു. കാനഡയുടെ പ്രദേശത്ത് വിയന്ന കൺവെൻഷന്‍റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയമ ലംഘനവും കാനഡ ഒരിക്കലും അംഗീകരിക്കില്ലെന്ന് അവർ ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാംഗിനോട് വ്യക്തമാക്കി.

"രാജ്യത്തെ ജനാധിപത്യത്തിലും ആഭ്യന്തര കാര്യങ്ങളിലും ചൈന നടത്തുന്ന ഒരു തരത്തിലുള്ള വിദേശ ഇടപെടലും കാനഡ ഒരിക്കലും സഹിക്കില്ല. രാജ്യത്തെ അഖണ്ഡതയുടെയും പരമാധികാരത്തിന്റെയും ലംഘനം ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. കാനഡയുടെ മണ്ണിൽ വിയന്ന കൺവെൻഷന്റെ മറവിൽ ചൈനീസ് നയതന്ത്രജ്ഞരുടെ ഒരു നിയംലംഘനവും തങ്ങൾ അംഗീകരിക്കില്ലെന്നും" മെലാനി ജോളി പ്രസ്താവനയിൽ പറഞ്ഞു.

കൂടിക്കാഴ്ചയിൽ, ഇൻഡോ-പസഫിക് പ്രശ്‌നത്തിൽ എടുത്തത് പോലെ ചൈനയെക്കുറിച്ചുള്ള കാനഡയുടെ "ഉറപ്പുള്ള" നിലപാട് ജോളി ആവർത്തിക്കുകയാണ് ചെയ്തത്. അടുത്തിടെ ചൈനയുടെ വിദേശകാര്യ മന്ത്രിയായി നിയമിതനായതിനാൽ ക്വിൻ ഗാംഗുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് ജോളി പ്രസ്താവനയിൽ പറഞ്ഞു. നവംബറിൽ ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ മെലാനി ജോളി ചൈനയുടെ മുൻ വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ, കാനഡയിലെ ചൈനീസ് എംബസികളും കോൺസുലേറ്റുകളും കനേഡിയൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ ക്വിൻ ഗാങ് തള്ളിക്കളഞ്ഞതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ആരോപണങ്ങൾ "തികച്ചും തെറ്റാണെന്ന്" അദ്ദേഹം പറഞ്ഞു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ചില കനേഡിയൻ രാഷ്ട്രീയക്കാരെ വരുതിയിലാക്കിയിട്ടുണ്ടെന്ന അജ്ഞാതമായ ഉറവിടങ്ങളെ ഉദ്ധരിച്ച് കൊണ്ട് ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് അന്വേഷണം ആരംഭിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മേൽ പ്രതിപക്ഷത്തിന്റെ കനത്ത സമ്മർദ്ദമുണ്ടെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഇക്കാര്യത്തിൽ അടിയന്തിര നടപടിയെടുക്കാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാഴാഴ്ച കോമൺസ് കമ്മിറ്റി ഒരു പ്രമേയം പാസാക്കിയതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ "സർക്കാർ വർഷങ്ങളായി വിദേശ ഇടപെടലിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്, ചൈനയുടെയും മറ്റ് രാജ്യങ്ങളുടെയും അടക്കമുള്ള ഇടപെടൽ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന്" മാർച്ച് 3 ന് പ്രധാനമന്ത്രി ട്രൂഡോ നടത്തിയ പ്രസ്താവന വ്യക്തമാക്കിയിരുന്നു.

ക്രിട്ടിക്കൽ ഇലക്ഷൻ ഇൻസിഡന്റ് പബ്ലിക് പ്രോട്ടോക്കോളിൽ (സിഇഐപിപി) പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ 2019, 2021 കാമ്പെയ്‌നുകൾ ഇതിനകം അവലോകനം ചെയ്‌തിട്ടുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. അവലോകനത്തിൽ ചൈനയുടെ ചില ഇടപെടലുകൾ കണ്ടെത്തിയെങ്കിലും ഈ പ്രവർത്തനങ്ങൾ അന്തിമ ഫലങ്ങളിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K