25 February, 2023 03:04:57 PM


കാനഡയിൽ വാർത്താ വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി ഗൂഗിൾ



ഒട്ടാവ: കാനഡയില്‍ വാര്‍ത്താ വെബ്സൈറ്റുകൾക്ക് നിയന്ത്രണവുമായി ഗൂഗിള്‍ (Google). പ്രാദേശിക വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പോലുള്ള ഡിജിറ്റൽ ഭീമന്മാർ പണം നല്‍കണമെന്ന കാനഡയുടെ നിയമത്തിന് മറുപടിയായാണ് ഗൂഗിളിന്‍റെ നീക്കം. ഒരു ടെസ്റ്റിന്‍റെ  ഭാഗമായാണ് ഈ നിയന്ത്രണമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. വാര്‍ത്താ വെബ്‌സൈറ്റുകൾക്കുള്ള നിയന്ത്രണം ഈ മാസം ആദ്യമാണ് ആരംഭിച്ചത്. ഇത് അഞ്ച് ആഴ്ചത്തേക്ക് തുടരും. ഈ നിയന്ത്രണം കാനഡയിലെ ഗൂഗിളിന്‍റെ  ഉപയോക്താക്കളായ നാല് ശതമാനത്തോളം പേരെ ബാധിക്കുമെന്നും കമ്പനി പറഞ്ഞു.


കാനഡയിൽ കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ചതും നിലവില്‍ സെനറ്റിന് മുന്നിലുള്ളതുമായ ഓണ്‍ലൈന്‍ വാര്‍ത്താ നിയമത്തിന്റെ സാധ്യതയാണ് ഗൂഗിള്‍ പരിശോധിക്കുന്നതെന്ന് ഗൂഗിള്‍ വക്താവ് ഷെയ് പര്‍ഡി എഎഫ്പിയോട് പറഞ്ഞു. അതേസമയം, പ്രതിസന്ധിയിലുള്ള കാനഡയിലെ വാര്‍ത്താ മേഖലയെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ബില്ലെന്ന് ഹെറിറ്റേജ് മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. ഗൂഗിളും ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുള്‍പ്പെടെയുള്ളവരും ഈ നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.


ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഇടം പിടിച്ചതോടെ 2008 മുതല്‍ കാനഡയില്‍ 450-ലധികം വാര്‍ത്താ ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി. ഇതിന് പുറമെ, കോടിക്കണക്കിന് ഡോളര്‍ പരസ്യ വരുമാനം ഗൂഗിള്‍, മെറ്റ എന്നീ രണ്ട് കമ്പനികളിലേക്കാണ് പോകുന്നത്. പുതിയ നിയമം അനുസരിച്ച് ഗൂഗിള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പങ്കിടുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി കാനഡയിലെ മാധ്യമങ്ങള്‍ക്ക് ന്യായമായ പണം നല്‍കേണ്ടി വരും.


ഇത് ഓസ്ട്രേലിയയില്‍ അടുത്തിടെ കൊണ്ടുവന്ന 'ന്യൂ മീഡിയ ബാര്‍ഗേയിനിംങ് കോഡിനെ' അടിസ്ഥാനമാക്കിയുള്ളതാണ്. അതാതയത് ഗൂഗിളും മെറ്റയും വാര്‍ത്തകളുടെ ലിങ്കുകള്‍ നല്‍കുന്നതിന് വാര്‍ത്തയുടെ ഉറവിടത്തിന് പണം നല്‍കണം. വന്‍കിട ടെക് സ്ഥാപനങ്ങള്‍ ഓസ്ട്രേലിയന്‍ നിയമനിര്‍മ്മാണത്തെ ആദ്യം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭേദഗതികളോടെ ഇത് നിയമനിര്‍മ്മാതാക്കള്‍ പാസാക്കുകയായിരുന്നു.


വാര്‍ത്താ സൈറ്റുകളിലേക്കുള്ള പ്രവേശനം തടയാന്‍ ഗൂഗിള്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത നിരാശാജനകമാണെന്ന് റോഡ്രിഗസ് തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പറഞ്ഞു. 2019-ല്‍ യൂറോപ്യന്‍ യൂണിയന്‍ ' നയിബറിംങ് റൈറ്റ്‌സ്' എന്ന നിയമം കൊണ്ടുവന്നതിന് ശേഷം, ഉള്ളടക്കത്തിന് പണം നല്‍കുന്നതിന് ഫ്രഞ്ച് പത്രങ്ങളുമായി ഗൂഗിള്‍ കരാറില്‍ ഒപ്പുവച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K