21 January, 2023 05:02:28 PM


സ്ത്രീകൾക്കെതിരായ നയങ്ങള്‍: താലിബാന് ഐക്യരാഷ്ട്രസഭയുടെ രൂക്ഷവിമർശനം



കാബൂള്‍: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്​ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സ്ത്രീകൾക്ക് വലിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. അടുത്തിടെ സെക്കൻഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, പൊതുമേഖലാ ജോലികൾ, പാർക്കുകളിലെ സന്ദർശനം, എന്നിവയിൽ നിന്നെല്ലാം താലിബാൻ സ്ത്രീകളെ വിലക്കിയിരുന്നു.

"സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അടിസ്ഥാന അവകാശങ്ങൾ പോലും താലിബാൻ നിഷേധിച്ചു," യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്രയൊക്കെ ചെയ്തിട്ടും അവർക്കായി എന്തെങ്കിലും രണ്ട് നല്ല കാര്യങ്ങൾ ചെയ്തു എന്നു പറയുന്നത് ന്യായീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയാണ് യുഎൻ പ്രതിനിധി സംഘം അഫ്​ഗാനിസ്ഥാനിൽ എത്തിയത്. കാബൂളിലും കാണ്ഡഹാറിലുമായി നാല് ദിവസങ്ങളിലായി നടത്തിയ സന്ദർശനത്തിനിടെ താലിബാൻ ഉദ്യോഗസ്ഥരുമായും ഇവർ കൂടിക്കാഴ്ച നടത്തി.

"സ്ത്രീകൾക്ക് താബിലാൻ ചില സുപ്രധാനമായ ഇളവുകൾ നൽകി എന്ന കാര്യം ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ അവർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ സ്വന്തം വീടുകളിൽ മാത്രമായി ഒതുക്കും. അവകാശങ്ങളെല്ലാം ലംഘിക്കുന്ന ഇത്തരം നിയന്ത്രങ്ങൾ അവരുടെ ഒരു ഭാവിയാണ് നശിപ്പിക്കുന്നത്", യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ 24നാണ് വനിതാ തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീടാണ് സര്‍വ്വകലാശാലകളില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചും താലിബാന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുയിടങ്ങളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ സ്ത്രീകള്‍ എത്താവുവെന്നും ഉത്തരവിട്ടിരുന്നു.

ഇതിനുപിന്നാലെ അമേരിക്കയുൾപ്പെടെയുള്ള ലോക രാജ്യങ്ങള്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു. എന്നാല്‍ രാജ്യം പ്രവര്‍ത്തിക്കുന്നത് ചില മതപരമായ വിശ്വാസങ്ങളിലാണെന്നും അതില്‍ കൈകടത്തി ധ്രൂവീകരണം നടത്തതരുതെന്നുമായിരുന്നു ഇതിന് താലിബാന്‍ നല്‍കിയ മറുപടി.

എന്നാല്‍ രക്ഷാ സമിതിയിലെ പതിനൊന്ന് അംഗ സമിതി താലിബാന്റെ സ്ത്രീവിരുദ്ധ നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ അംഗങ്ങളടങ്ങിയ സമിതിയാണ് സ്ത്രീകള്‍ക്കെതിരെയുള്ള വിലക്കുകള്‍ താലിബാന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കിയത്. എന്നാല്‍ തങ്ങളുടെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് താലിബാന്‍ സര്‍ക്കാര്‍. സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന നയങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാല്ലെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.

അഫ്ഗാനിസ്താനില്‍ സ്ത്രീകളെ ചികിത്സിക്കരുതെന്ന് പുരുഷ ഡോക്ടര്‍മാരോട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ആശുപത്രികളിലും പരിശോധന നടത്തുമെന്നും താലിബാന്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K