09 December, 2022 02:11:27 PM


'ആ വാച്ചൊക്കെ വിൽക്കാം'; ഇമ്രാന്‍ഖാനെ വെട്ടിലാക്കി ഭാര്യയുടെ ഫോണ്‍ സംഭാഷണം



ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖകള്‍ പുറത്ത്. ഇമ്രാന്‍ ഖാന് സമ്മാനമായി ലഭിച്ച റിസ്റ്റ് വാച്ചുകള്‍ വില്‍ക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണമടങ്ങുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ലഭിച്ച സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വിറ്റഴിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്.

21 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പില്‍ ബുഷ്‌റാ ബീബിയും പിടിഐ ഉദ്യോഗസ്ഥനായ സുല്‍ഫി ബുഖാരിയും നടത്തിയ സംഭാഷണമാണ് ഇമ്രാന്‍ ഖാനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. 'ഖാന്‍ സാഹിബിന്‍റെ കുറച്ച് വാച്ചുകള്‍ കൂടിയുണ്ട്. അദ്ദേഹം അത് വില്‍ക്കാനായി നിങ്ങളെ ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഈ വാച്ചുകള്‍ ഉപയോഗിക്കില്ല. അതുകൊണ്ടാണ് വില്‍ക്കാന്‍ നോക്കുന്നത്,' എന്നായിരുന്നു ബുഷ്‌റ ബീബി ഫോണിലൂടെ പറഞ്ഞത്. 'തീര്‍ച്ചയായും. ഇക്കാര്യം ഞാന്‍ ചെയ്‌തോളാം,' എന്ന ബുഖാരിയുടെ ഉറപ്പോടെയാണ് ഫോണ്‍ സംഭാഷണം അവസാനിച്ചത്.

പിടിഐയുടെയും പിഎംഎല്‍-എന്നിന്‍റെയും ചില അനൗദ്യോഗിക സംഭാഷണങ്ങളുടെ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ പൊതുജനമധ്യത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ഈ ഓഡിയോ ക്ലിപ്പും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഓഡിയോ ക്ലിപ്പ് വൈറലായതോടെ ഇത് നിഷേധിച്ച് സുല്‍ഫി ബുഖാരി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഒരു വാച്ചും വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് ഓഡിറ്റ് നടത്തണമെന്നും സുല്‍ഫി പറഞ്ഞു. ഓഡിറ്റിനായുള്ള പണം നല്‍കാൻ താന്‍ തയ്യാറാണെന്നും സുല്‍ഫി കൂട്ടിച്ചേര്‍ത്തു.

സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയ ലക്ഷക്കണക്കിന് ഡോളര്‍ വിലയുള്ള ആഡംബര വാച്ചുകള്‍ വിറ്റുവെന്ന ആരോപണമാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എതിരെ ഉയര്‍ന്നത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ സമ്മാനമായി ലഭിച്ച വാച്ചുകളില്‍ നാലിലധികം വാച്ചുകള്‍ താന്‍ വിറ്റിരുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

അതേസമയം 21.5 മില്യണ്‍ രൂപ നല്‍കി രാജ്യത്തിന്റെ ദേശീയ ട്രഷറിയില്‍ നിന്നും സംഭരിച്ച സമ്മാനങ്ങളും വിറ്റതായി അദ്ദേഹം പറഞ്ഞു. വിലകൂടിയ റിസ്റ്റ് വാച്ച്, കഫ്ലിങ്കുകള്‍, വിലകൂടിയ പേന, ഡയമണ്ട് മോതിരം, നാല് റോളക്സ് വാച്ചുകള്‍ എന്നിവയാണ് ഇമ്രാന് ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാകിസ്ഥാനില്‍ നിലവിലിരിക്കുന്ന നിയമമനുസരിച്ച് രാജ്യത്ത് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ രാജ്യത്തിന്റെ ട്രഷറിയിലോ തോഷ്‌കാനയിലോ മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിക്കേണ്ടതാണ്. ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന സമ്മാനങ്ങളും ഇപ്രകാരം മൂല്യനിര്‍ണ്ണയത്തിനായി സമര്‍പ്പിക്കേണ്ടതാണ്. വ്യാജ സത്യവാങ്മൂലം നല്‍കിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഇമ്രാന്‍ ഖാന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് സമ്മാനങ്ങള്‍ വിറ്റഴിച്ചുവെന്ന വാര്‍ത്ത പുറത്തായത്.

നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് ഇമ്രാന്‍ ഖാന് അധികാരം നഷ്ടമായത്. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സര്‍ക്കാരിന് കൈമാറുന്നതിന് പകരം ഒരു ജ്വല്ലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടര്‍ന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.

അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ഉയര്‍ത്തിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. അവിശ്വാസ പ്രമേയ0 നീട്ടിക്കൊണ്ടുപോയെങ്കിലും വിഷയത്തില്‍ പാക് സുപ്രീം കോടതിയും പട്ടാളവും ഇടപെട്ടതോടെ ഇമ്രാന് മുന്നിലുള്ള വഴികള്‍ അടയുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K