08 December, 2022 02:36:48 PM
ശസ്ത്രക്രിയയ്ക്കിടെ ലോകകപ്പ് മത്സരം കണ്ട് യുവാവ്; ട്രോഫി നൽകണമെന്ന് ആവശ്യം
കീല്‍സ്: ഫിഫ ലോകകപ്പ് ടൂർണമെന്‍റ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാധകർ ഒരു മത്സരം പോലും നഷ്‌ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ്. ഇപ്പോഴിതാ ഒരു കടുത്ത ഫുട്ബോൾ ആരാധകൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനിടെ ഫിഫ ലോകകപ്പ് മത്സരം തത്സമയം കണ്ടുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഇതുസംബന്ധിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഫിഫയെ ട്വിറ്ററിൽ ടാഗ് ചെയ്തുകൊണ്ട് ഇത്തവണത്തെ ട്രോഫി ഈ യുവാവിന് നൽകണമെന്നാണ് ആനന്ദ് മഹീന്ദ്ര ആവശ്യപ്പെട്ടിരിക്കുന്നത്. പോളണ്ടിലാണ് ശസ്ത്രക്രിയയ്ക്കിടെ ഫുട്ബോൾ മത്സരം ടിവിയിൽ തത്സമയം കണ്ട യുവാവ് വൈറലായത്. സ്‌പൈനൽ അനസ്തേഷ്യ സ്വീകരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമ്പോഴാണ് ഇയാൾ ഫുട്ബോൾ കളി കണ്ടത്. കീൽസിലെ എസ്പി സോസ് എംഎസ്‌വിഎ എന്ന ആശുപത്രി അധികൃതരാണ് യുവാവിന്‍റെ ശസ്ത്രക്രിയാ സമയത്തെ ചിത്രം പങ്കിട്ടത്.
നവംബർ 25 ന് കീൽസിൽ വെച്ചാണ് യുവാവ് അടിവയറ്റിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് ഡെയ്‌ലിമെയിൽ റിപ്പോർട്ട് പറയുന്നു. വെയിൽസും ഇറാനും തമ്മിലുള്ള മത്സരത്തിനിടെ, പേര് വെളിപ്പെടുത്താത്തയാൾ തനിക്ക് ഗെയിം കാണാൻ കഴിയുമോ എന്ന് ഡോക്ടർമാരോട് ചോദിക്കുകയായിരുന്നു. സ്‌പൈനൽ അനസ്‌തേഷ്യ നൽകിയ ശേഷം ഓപ്പറേഷൻ തിയറ്ററിന്‍റെ ഒരു മൂലയിൽ സ്ഥാപിച്ചിരുന്ന ടെലിവിഷനിൽ ലോകകപ്പ് കാണാൻ ഡോക്ടർമാർ അനുവദിച്ചു.
മൂന്ന് മണിക്കൂർ വരെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടെ ആയിരുന്നു യുവാവ് കളി കണ്ടത്. ഇറാനെതിരെ വെയിൽസ് ആ മത്സരത്തിൽ പരാജയപ്പെട്ടു. പോളണ്ട് ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായി. "ഞങ്ങളുടെ രോഗികൾക്ക് ഒരു സേവനം മാത്രമേയുള്ളൂ, സബ്‌ലിമിനൽ അനസ്തേഷ്യയിലുള്ള എല്ലാവരും സന്തോഷിക്കുന്നു" ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി.