23 November, 2022 04:23:45 PM
യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ ശശി തരൂർ മുഖ്യാഥിതി: പരാതിയുമായി ഡി സി സി പ്രസിഡന്റ്
കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന യൂത്ത്കോൺഗ്രസ് മഹാസമ്മേളനത്തിനെതിരെ പരാതിയുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഡിസിസിയുമായി ആലോചിക്കണമായിരുന്നുവെന്നും അതാണ് സംഘടനാ രീതിയെന്നും നാട്ടകം സുരേഷ് പറഞ്ഞു.
യൂത്ത്കോൺഗ്രസ് ജില്ലാ ഘടകത്തിന്റെ നടപടിക്കെതിരെ പരാതിയുണ്ട്. പരാതി മേൽഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ' എന്ന പേരിൽ ഡിസംബര്‍ മൂന്നിന് വൈകുന്നേരം ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിക്ക് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.
സമ്മേളനത്തിനായി ആദ്യം തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നാട്ടകം സുരേഷ് എന്നിവരുടെ ചിത്രം ഒഴിവാക്കിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് സമ്മേളനം നടത്തുന്നതന്നാണ് നേതൃത്വം നല്കുന്ന വിശദീകരണം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയി.