22 November, 2022 08:44:26 AM
കാസിം ജോമാർട്ട് ടോകയേവ് വീണ്ടും കസാക്കിസ്ഥാൻ പ്രസിഡന്റ്
അസ്താന: കാസിം ജോമാർട്ട് ടോകയേവ് കസാക്കിസ്ഥാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ 81.3 ശതമാനം വോട്ടുനേടിയാണ് ടോകയേവ് അധികാരത്തിലേറിയത്. അഞ്ച് എതിരാളികളും അപ്രശസ്തരായതിനാൽ അദ്ദേഹം എളുപ്പത്തിൽ ജയിച്ചുകയറുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. മുൻഗാമിയായ നൂർ സുൽത്താൻ നാസർബയേവിന്റെ പിന്തുണയോടെ 2019ലാണ് കാസിം ടോകയേവ് കസാക്ക് പ്രസിഡന്റാകുന്നത്.
ഒരു വർഷത്തിനകം സർക്കാർവിരുദ്ധ പ്രക്ഷോഭകരെ അടിച്ചമർത്തിയ അദ്ദേഹം പിടിമുറുക്കി. അധികാരം നാസർബയേവിൽ കേന്ദ്രീകരിക്കുന്ന ഭരണഘടന അദ്ദേഹം ഭേദഗതി ചെയ്തു. രാജ്യതലസ്ഥാനത്തിന്റെ പേര് നൂർ സുൽത്താൻ എന്നാക്കിയത് തിരുത്തി പഴയ പേരായ "അസ്താന' തിരികെ കൊണ്ടുവന്നു. 1991ൽ സ്വാതന്ത്ര്യം ലഭിച്ച ശേഷം മൂന്ന് പതിറ്റാണ്ടോളം നൂർ സുൽത്താനാണ് പ്രസിഡന്റായത്.