13 November, 2022 06:12:45 PM
ഓജോ ബോർഡ് കളിച്ച 11 വിദ്യാർഥികൾ കുഴഞ്ഞ്‌വീണു; 5 പേരുടെ നില ഗുരുതരം
ബൊഗോട്ട: കൊളംബിയയിലെ സ്‌കൂളിൽ ഓജോ ബോർഡ് കളിച്ച കുട്ടികൾ കുഴഞ്ഞ്‌വീണു. ഹാറ്റോയിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ 11 വിദ്യാർഥികളാണ് ഓജോ ബോർഡ് കളിക്കവേ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുകയും കുഴഞ്ഞു വീണത്. അധ്യാപകരാണ് കുട്ടികളെ ആദ്യം ബോധരഹരിതരായി കാണുന്നത്. കുട്ടികൾക്ക് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നതായും വായിൽനിന്ന് നുരയും പതയും വന്നതായും അധ്യാപകരെ ഉദ്ധരിച്ച് രാജ്യാന്തരമാധ്യമം റിപ്പോർട്ട് ചെയ്‌തു.
13 മുതൽ 17 വരെ പ്രായമുള്ള വിദ്യാർത്ഥികളാണ് കുഴഞ്ഞു വീണത്. ഗുരുതരമായ ചർദ്ദിയും വയറുവേദനയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വിദ്യാർത്ഥികളെ സൊക്കോറോയിലെ മാന്വല ബെൽട്രൻ ആശുപത്രയിലേക്ക് മാറ്റി.
ഭക്ഷ്യവിഷബാധയാണ് കുട്ടികളുടെ രോഗാവസ്ഥയ്ക്കു കാരണമെന്ന് പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ വ്യക്തമാക്കി. ഇതിൽ 5 കുട്ടികളുടെ നില ഗുരുതരമാണ്. പരിസരത്തെ കണ്ടെയ്നറിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് വയറുവേദന, കടുത്ത ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെ ബോധരഹിതരായതെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഓജോ ബോർഡുമായി ബന്ധപ്പെട്ട സംശയങ്ങളിൽ സ്ഥിരീകരണമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഹാതോയിലെ മേയർ ജോസ് പാബ്ലോ ടൊലോസാ റണ്ടൺ വ്യക്തമാക്കി.