10 November, 2022 05:57:44 PM


കോട്ടയം മെഡി. കോളേജിൽ 35 കോടിയുടെ വികസന പ്രവർത്തനങ്ങൾ നാടിനു സമർപ്പിക്കുന്നു

മെഡിക്കൽ കോളജ് ഫാർമസി കോളജ് അടക്കമുള്ള വികസന പദ്ധതികളുടെ ഉദ്ഘാടനം



കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 35 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനവും ആരോഗ്യ, വനിത-ശിശു വികസന വകുപ്പുമന്ത്രി വീണാ ജോർജ് നാളെ (നവംബർ 11) വൈകിട്ട് നാലുമണിക്ക് നിർവഹിക്കും. 27.2 കോടി ചെലവിട്ട് ഏഴു നിലകളിലായി പണി പൂർത്തിയാക്കിയ ഫാർമസി കോളേജ് അടക്കമുള്ള നിർമാണ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിനു സമീപം നടക്കുന്ന ചടങ്ങിൽ സഹകരണ-സാംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

 തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ആമുഖപ്രഭാഷണം നടത്തും. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ: ടി.ജെ. ജയകുമാർ വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ: പി.കെ. ജയശ്രീ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ജില്ല പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ, ഡോ. അജയ് മോഹനൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ പ്രസംഗിക്കും. 

ഫാർമസി കോളജിനു പുറമേ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രണ്ടരക്കോടി രൂപ മുടക്കി പൂർത്തീകരിച്ച മൂന്നു മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ, കുട്ടികളുടെ ആശുപത്രിയിൽ പണികഴിച്ച 15 ഓക്‌സിജൻ ബെഡ്, 4 എച്ച്.ഡി.യു., രണ്ട് ഐ.സി.യു, കാർഡിയോളജി വിഭാഗത്തിലെ 4ഡി എക്കോ മെഷീൻ, പോർട്ടബിൾ എക്കോ മെഷീൻ, അഗ്നിബാധയിൽ നശിച്ചതിനെത്തുടർന്നു നവീകരിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, ആർപ്പൂക്കര പഞ്ചായത്ത് നിർമിച്ചു നൽകിയ എയ്‌റോബിക് കംപോസ്റ്റിങ് യൂണിറ്റ്, പുതുതായി പണി കഴിപ്പിച്ച മൂന്നു ലിഫ്റ്റുകൾ, അത്യാഹിത വിഭാഗം മൂന്നാം നിലയിലെ 25 ഐ.സി.യു. ബെഡ്, നഴ്‌സിങ് ഓഫീസിന്റെ നവീകരണം, നവീകരിച്ച ഒ.പി. ഫാർമസി, നവീകരിച്ച കാസ്പ് കൗണ്ടർ, വെരിക്കോസ് വെയ്ൻ ചികിത്സയ്ക്കായുള്ള ലേസർ സർജറി യൂണിറ്റ്, സ്‌ട്രോക്ക് യൂണിറ്റ്, പാലിയേറ്റീവ് കെയർ യൂണിറ്റ്, റിഹാബിലിറ്റേഷൻ യൂണിറ്റ്, ഗ്രീഫ് കെയർ സർവീസുകൾ, ബയോകെമിസ്ട്രി ലാബിൽ രോഗനിർണയപരിശോധനകൾക്കായി സ്ഥാപിച്ച ഇന്റഗ്രേറ്റഡ് അനലൈസർ-റോഷ് കൊബാസ് പ്യൂവർ എന്നിവയുടെ ഉദ്ഘാടനവും ഇന്നു നടക്കും.

ഗൈനക്കോളജി വിഭാഗത്തിൽ ആരംഭിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നെഗറ്റീവ് പ്രഷർ ഐ.സി.യു, ഒഫ്താൽമോളജി ഓപ്പറേഷൻ തിയറ്റർ, ഒ.പി. ബ്‌ളോക്കിന്റെ നവീകരണം എന്നിവയുടെ നിർമാണ ഉദ്ഘാടനവും ഇന്നു നടക്കും.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K