02 November, 2022 06:08:55 AM
ദുബായിൽ സ്വകാര്യ വാഹനങ്ങളെ 'ഓവർടേക്ക്' ചെയ്ത് പൊതു വാഹനങ്ങൾ ഹിറ്റ് ട്രാക്കിൽ
ദുബായ്: ദുബായിൽ പൊതുവാഹനങ്ങളിൽ തിരക്കേറുന്നു. മുന്നിൽ മെട്രോയും ടാക്സിയും. മെട്രോ അടക്കമുള്ള പൊതുവാഹനങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടിയെന്നാണ് റിപ്പോർട്ട്. ആർ ടിഎയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022ൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാത്രം 30 കോടിയിലധികം പേരാണ് പൊതുഗതാഗതം ഉപയോഗിച്ചത്.
ദിവസവും 16.8 ലക്ഷത്തോളം ആളുകളാണ് ദുബായിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ മെട്രോയും ടാക്സിയുമാണ് മുന്നിൽ. ദുബായിൽ അടിസ്ഥാന സൗകര്യങ്ങളും മികച്ചതായി. 2006ൽ 8,715 കിലോ മീറ്ററായിരുന്നു ദുബായിലെ റോഡുകളുടെ ദൈർഘ്യം. ഇപ്പോഴത് 18, 475 കിലോമീറ്ററായി.
പാലങ്ങളുടെ എണ്ണം 129ൽ നിന്ന് ആറുമടങ്ങ് വർധിച്ച് 884 ആയതായും അധികൃതർ വ്യക്തമാക്കി. ടാക്സികൾ ഹൈബ്രിഡ് എൻജിനുകളിലേക്കു മാറിയതോടെ ഊർജ ഉപയോഗത്തിൽ 18 ശതമാനവും ഇന്ധന ഉപയോഗത്തിൽ 36 ശതമാനവും കുറവുണ്ടായി. തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ പൊതുഗ താഗതമാണ് ഏറ്റവും മികച്ചതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.