24 October, 2022 07:58:51 PM


ചരിത്രമെഴുതി ഋഷി സുനക്; ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ഇന്ത്യന്‍ വംശജന്‍



ലണ്ടന്‍: ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.

ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K