23 October, 2022 12:58:11 PM
മൂന്നാമൂഴം: ഷി ജിൻപിംഗ് ചൈനയിൽ വീണ്ടും അധികാരത്തിൽ; ലി ക്വിയാംഗ് പ്രധാനമന്ത്രി
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് സ്ഥാനത്ത് ഷി ജിൻപിംഗിന് മൂന്നാം ഊഴം. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുന്ന നേതാവുമായി ഷി ജിൻപിംഗ്. ലി ക്വിയാംഗിനെ പുതിയ പ്രധാനമന്ത്രിയായും പാർട്ടി കോൺഗ്രസ് പ്രഖ്യാപിച്ചു. പുതിയ പോളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തു. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു.
അഞ്ച് വർഷം വീതമുള്ള രണ്ടു ടേം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിയുന്നതാണ് മാവോയ്ക്കു ശേഷം ചൈനയിലെ കീഴ്വഴക്കം. രണ്ടു പതിറ്റാണ്ടിന്റെ ഈ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ പാർട്ടി തലവനാകുന്നത്. ഷി ജിൻപിംഗിനെ മാവോയ്ക്ക് ശേഷമുള്ള ഏറ്റവും പ്രബലനായ നേതാവായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചിരുന്നു. ശനിയാഴ്ച 69കാരനായ ഷി യെ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു. നിലവിൽ 68 വയസായിരുന്നു പാർട്ടി അംഗമാകാനുള്ള പ്രായപരിധി.