12 October, 2022 11:13:54 PM
ചാള്‍സ് രാജാവിന്‍റെ കിരീടധാരണം മേയ് 6ന്; ചടങ്ങുകള്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിൽ
ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്‍റെ കിരീടധാരണം മേയ് ആറിന്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജാവായി അവരോധിതനായ ചാള്‍സ് മൂന്നാമന്‍റെ കിരീടധാരണത്തെക്കുറിച്ച് ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.രാജവംശത്തിന്‍റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്നാണ് ട്വീറ്റ് ചെയ്തത്. ചടങ്ങുകള്‍ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ആണ് നടക്കുക. ഇതോടൊപ്പം ചാള്‍സിന്‍റെ ഭാര്യ കാമിലയും രാജപത്‌നിയായി (ക്വീന്‍ കണ്‍സോര്‍ട്ട്) അവരോധിക്കപ്പെടും.
എലിസബത്ത് രാജ്ഞിയുടെ മരണം നടന്ന അന്നുമുതല്‍ രാജാവിന്‍റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കന്‍ സഭയുടെ തലവന്‍ കൂടിയായ രാജാവ് ഔദ്യോഗികമായി പരമാധികാരത്തിന്‍റെ അടയാളമായ ഇംപീരിയല്‍ ക്രൗണ്‍ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയില്‍നിന്നുള്ള കോഹിനൂര്‍ രത്‌നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക. കാന്‍റ്ര്‍ബറി ആര്‍ച്ച്ബിഷപ് റവ. ഡോ. ജസ്റ്റില്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തിലാകും ചടങ്ങുകള്‍. ആര്‍ച്ച്ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നതു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്‍റെ തുടര്‍ച്ചയായി കീരീടധാരണത്തിന് മറ്റൊരു ലോങ് വീക്കെന്‍ഡിനുള്ള സാധ്യത ഏറെയാണ്. കിരീടധാരണസമയത്ത് ചാള്‍സിന് 74 വയസ് പൂര്‍ത്തിയാകും. ചാള്‍സ് 41-ാമത്തെ രാജാവാണ്. 900 വര്‍ഷത്തെ ചരിത്രത്തില്‍ ബ്രിട്ടനില്‍ സ്ഥാനമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാള്‍സ് മൂന്നാമന്‍.