22 September, 2022 08:05:46 AM
ദുബായ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ നിയന്ത്രിക്കാൻ വനിതകളും
ദുബായ്: ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുകൾ നിയന്ത്രിക്കാൻ വനിതകളെ നിയോഗിച്ചു. ആറ് മാസത്തെ സംയോജിത പരിശീലനം പൂർത്തിയാക്കിയ നാല് വനിത സേനാംഗങ്ങൾ ചുമതലയേറ്റെടുത്തു. ആദ്യമായാണ് കൺട്രോൾ ആൻഡ് കമാൻഡ് സെന്ററിൽ വനിതകളെ നിയമിക്കുന്നത്. 24 സ്പെഷ്യലൈസ്ഡ് കോഴ്സുകളും പ്രാക്ടിക്കൽ പരിശീലനവും പൂർത്തീകരിച്ചാണ് വനിതകൾ ചുമതലയേറ്റത്.
ലഫ്റ്റനന്റ് മിറ മുഹമ്മദ് മദനി, ലഫ്റ്റനന്റ് സമർ അബ്ദുൽ അസീസ് ജഷൂഹ്, ലഫ്റ്റനന്റ് ഖൂലൂദ് അഹ് മദ് അൽ അബ്ദുല്ല, ലഫ്റ്റനന്റ് ബാഖിത ഖലീഫ അൽ ഗാഫ്ലി എന്നിവരെയാണ് ആദ്യ ബാച്ചിൽ നിയമിച്ചത്. എമർജൻസി റെസ്പോൺസ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗത്തിൽ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു. മുൻ കാലങ്ങളിൽ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലികൾ സ്ത്രീകളും ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് പോലീസ് ജനറൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ റസൂഖി പറഞ്ഞു.