12 September, 2022 08:48:54 AM
പ്രളയജലം ഒഴുക്കി വിടാൻ പാക്കിസ്ഥാൻ സർക്കാർ ഹൈവേ പൊളിച്ചുനീക്കുന്നു
ഇസ്ലാമാബാദ്: മഹാപ്രളയത്തിന്റെ കെടുതികളിൽ നിന്ന് ഇനിയും മുക്തമാകാത്ത ദക്ഷിണ പാക്കിസ്ഥാനിൽ പ്രളയജലം ഒഴുക്കിവിടാനായി സർക്കാർ ഹൈവേ പൊളിച്ചുനീക്കുന്നു. സിന്ധ് പ്രവിശ്യയിലെ പ്രധാന പാതയായ ഇൻഡസ് ഹൈവേയുടെ ദാദു പട്ടണത്തിലുടെ കടന്നുപോകുന്ന ഭാഗമാണ് പൊളിച്ചുനീക്കുന്നത്.
പാക്കിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും ദാദു പട്ടണത്തിലെ മൂന്ന് ഇടങ്ങളിൽ വലിയ തോതിൽ പ്രളയജലം കെട്ടിക്കിടക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പ്രളയജലം ഒഴുകിയെത്തുന്നതും ദാദുവിലാണ്. വെള്ളക്കെട്ട് ഇനിയും തുടർന്നാൽ പട്ടണം പൂർണമായും നശിക്കുമെന്നതിനാലാണ് ഹൈവേ പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.
പാത തകർക്കാനും താൽക്കാലിക നദിയൊരുക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി പോലീസ് അറിയിച്ചു. പാക്കിസ്ഥാനെ തകർത്ത മഹാപ്രളയത്തിൽ മൂന്നരക്കോടി ജനങ്ങൾ ദുരിതത്തിലായിരുന്നു. അപകടങ്ങളിൽപ്പെട്ട് 1, 391 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിന്ധ് പ്രവിശ്യയിൽ മാത്രം സാധാരണ നിലയിൽ നിന്നും 466% അധിക മഴയാണ് പെയ്തത്.