07 August, 2022 01:33:41 PM


'സ്ത്രീകള്‍ ഇനി പരസ്യങ്ങളില്‍ അഭിനയിക്കേണ്ട'; ഉത്തരവുമായി ഇറാന്‍ ഭരണകൂടം



ടെഹ്റാൻ: സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതല്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ടെന്ന തീരുമാനമുണ്ടായത്.

മാഗ്‌നം എന്ന ഐസ്‌ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തില്‍ ഒരു യുവതിയാണ് അഭിനയിച്ചത്. എന്നാല്‍ ഇവരുടെ ശിരോവസ്ത്രം അയഞ്ഞ നിലയിലായിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം.

'പൊതു മര്യാദയ്ക്ക് വിരുദ്ധവും' 'സ്ത്രീകളുടെ മൂല്യങ്ങളെ അവഹേളിക്കുന്നതുമായ' പരസ്യങ്ങളുടെ പേരില്‍ ഐസ്‌ക്രീം നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കലാ, സിനിമാ സ്‌കൂളുകള്‍ക്ക് 'ഹിജാബും പവിത്രതയും' സംബന്ധിച്ച നിയമങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ അനുവാദമില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രാലയവും ഇസ്ലാമിക് ഗൈഡന്‍സും കത്ത് നല്‍കിയിട്ടുണ്ട്.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാണ്. ശിരോവസ്ത്രം നിര്‍ബന്ധിച്ച് ധരിപ്പിക്കുന്നതിനെതിരെ കുറച്ചു വര്‍ഷങ്ങളായി ഇറാനില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഇറാന്‍ ഭരണകൂടത്തിന്‍റെ പുതിയ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K