20 July, 2022 03:39:13 PM
റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്; 'മുന്നില്‍ വലിയ വെല്ലുവിളികള്‍'
കൊളംബോ : ശ്രീലങ്കന്‍ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അളഹപ്പെരുമയെയാണ് റനില്‍ വിക്രമസിംഗെ പരാജയപ്പെടുത്തിയത്. രാജ്യത്തുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഗൊതബയ രജപക്‌സെ രാജിവെച്ചതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു. 225 അംഗ പാര്‍ലമെന്റില്‍ 134 വോട്ടുകളാണ് യുഎന്‍പി നേതാവായ റനില്‍ വിക്രമസിംഗെയ്ക്ക് ലഭിച്ചത്. 82 പേരാണ് അളഹപ്പെരുമയെ പിന്തുണച്ചത്.
മത്സരരംഗത്തുണ്ടായിരുന്ന ജനത വിമുക്തി പെരുമന നേതാവ് നുരകുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആകെ 223 അംഗങ്ങള്‍ വോട്ടു ചെയ്തു. ഇതില്‍ 219 വോട്ടുകളാണ് സാധുവായിരുന്നത്.
ശ്രീലങ്കയിൽ നിലവില്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണുള്ളതെന്നും, മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളതെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റനില്‍ വിക്രമസിംഗെ പ്രതികരിച്ചു. 2024 നവംബര്‍ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.