10 July, 2022 01:15:52 PM
സ്പീക്കർ ഇടക്കാല പ്രസിഡന്റാകും; ശ്രീലങ്കയിൽ സമാധാനത്തിനു വഴി തെളിയുന്നു
കൊളംബോ: കലാപരൂക്ഷിത ശ്രീലങ്കയിൽ സമാധാനത്തിനു വഴി തെളിയുന്നു. സ്പീക്കർ മഹിന്ദ യാപ അഭയവർധന ഇടക്കാല പ്രസിഡന്റാകും. ബുധനാഴ്ച പ്രസിഡന്റ് ഗോത്താബയ രാജപക്സെ രാജിവയ്ക്കുന്നതോടെ സ്പീക്കർ ഇടക്കാല പ്രസിഡന്റായി അധികാരമേൽക്കും. 30 ദിവസത്തിനകം പുതിയ സർക്കാർ രൂപികരിച്ചേക്കും.
ജനങ്ങൾ സംയമനവും സമാധാനവും പാലിക്കണമെന്ന് സൈനിക മേധാവി അറിയിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കൈയേറിയ പ്രക്ഷോഭകർ തെരുവുകളിൽ അരാജകത്വം വിതയ്ക്കുകയാണ്. രാത്രി വൈകിയും സുരക്ഷാസേനാംഗങ്ങളുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ പിരിഞ്ഞുപോകാൻ തയാറായിട്ടില്ല. ഗോത്താബയ രാജിവയ്ക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ.
ഇന്നലെ രാത്രിയോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്കു പ്രക്ഷോഭർ തീയിട്ടു. പ്രതിപക്ഷ പാർട്ടി പ്രവർത്തകരും വിദ്യാർഥിസംഘടനകളും ഉൾപ്പെടെ ചേർന്നു നയിക്കുന്ന പ്രക്ഷോഭത്തിൽ സൈനികരും പോലീസുകാരുംവരെ പങ്കാളികളായതോടെ തലസ്ഥാനമായ കൊളംബോ നാഥനില്ലാക്കളരിയായി. സംഘർഷങ്ങളിൽ പോലീസുകാരുൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ക്രിക്കറ്റ് താരങ്ങളുൾപ്പെടെയുള്ള പ്രമുഖരും സമരക്കാർക്കൊപ്പമാണ്.
ജനരോഷം മുന്നിൽക്കണ്ട് ഔദ്യോഗിക വസതിയിൽനിന്നു രക്ഷപ്പെട്ട പ്രസിഡന്റ് ഗോത്താബയ രാജപക്സെ രാജ്യംവിട്ടതായി അഭ്യൂഹങ്ങളുണ്ട്. സർവകക്ഷി സ ർക്കാരിനായി രാജിവയ്ക്കാമെന്നു പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും സമ്മതിച്ചു.
ജനങ്ങളുടെ രക്ഷയ്ക്കായി രാജിവയ്ക്കാമെന്നാണു വിശദീകരണം. പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ഇന്നലെ കൊളംബോയിൽ ചേർന്ന സർവകക്ഷിയോഗം ആ വശ്യപ്പെട്ടിരുന്നു. റെനിൽ വിക്രമസിംഗെയുടെതന്നെ അധ്യക്ഷതയിലായിരുന്നു യോഗം.
പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച കൊളംബോയിൽ പടുകൂറ്റൻ റാലി നടത്തുമെന്നു പ്രതിപക്ഷപാർട്ടികളും വിദ്യാർഥിസംഘടനകളും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ പോലീസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. റാലി കലാപത്തിലേക്കു നീങ്ങിയേക്കാമെന്ന രഹ സ്യാന്വേഷണവിഭാഗം റിപ്പോർട്ടിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രിതന്നെ വസതിയിൽനിന്നു പ്രസിഡന്റ് പലായനം ചെയ്തു.
സ്ത്രീകളും പുരുഷന്മാരും ബുദ്ധസന്യാസിമാരും ക്രൈസ്തവ പുരോഹിതരും മുസ്ലിം മതനേതാക്കളുമൊക്കെ പ്ലക്കാർഡുകളുമായി കൊളംബോയിലെ സമരഭൂ മിയിലുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യം മാസങ്ങളായി ഇന്ധനക്ഷാമത്തിന്റെ പിടിയിലാണ്. ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾക്കും കടുത്തക്ഷാമമാണ്.
അതിനിടെ, പ്രസിഡന്റും പ്രധാനമന്ത്രിയും ഉടൻ രാജിവയ്ക്കണമെന്ന് ഇന്നലെ രാത്രി ചേർന്ന കക്ഷിനേതാക്കളുടെ യോഗം ആവശ്യപ്പെട്ടതായി പ്രതിപക്ഷ എംപി ഹർഷ ഡിസിൽവ പറഞ്ഞു. പ്രസിഡന്റിന്റെ ചുമതല ഒരുമാസത്തേക്കു സ്പീക്കർ നിർവഹിക്കണം. സർവകക്ഷി സർക്കാർ അധികാരമേൽക്കുകയും സാധ്യമായ വേഗത്തിൽ തെരഞ്ഞെടുപ്പു നടത്തുകയുമാണ് അഭികാമ്യമെന്നും യോഗം നിർദേശിച്ചതായി അദ്ദേഹം പറഞ്ഞു.