09 July, 2022 09:25:11 PM
ആഭ്യന്തര കലാപം രൂക്ഷമായി; ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു
കൊളംബോ: ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു. രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗത്തിലാണ് റനിൽ വിക്രമസിംഗെ രാജി തീരുമാനം പ്രഖ്യാപിച്ചത്. സർവകക്ഷി സർക്കാരിനായി വഴിമാറുന്നതായി അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയും പ്രസിഡന്റും പദവികൾ ഒഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി നിർദേശം അംഗീകരിക്കുകയാണെന്ന് റനിൽ വിക്രമസിംഗെ യോഗത്തെ അറിയിച്ചു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച മഹിന്ദ രാജപക്സെയ്ക്കു പകരക്കാരനായാണ് യുണൈറ്റഡ് നാഷണല് പാര്ട്ടി(യുഎന്പി) നേതാവ് റെനില് കഴിഞ്ഞ മെയ് മാസം അധികാരം ഏറ്റെടുത്തത്. ആറാം തവണ പ്രധാനമന്ത്രി പദവിയിലെത്തിയ റനിലിന് ഇത്തവണ മൂന്ന് മാസം തികച്ച് അധികാരത്തിൽ തുടരനായില്ല. ആഭ്യന്തര കലാപം രൂക്ഷമായതോടെ റനിലിനും കാലിടറി.