08 July, 2022 05:26:02 PM


ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു; മരണം അക്രമിയുടെ വെടിയേറ്റ്



ടോക്കിയോ: വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ അന്തരിച്ചു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഷിന്‍സോ ആബെയ്ക്ക് അക്രമിയുടെ വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 41 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രസംഗം തുടങ്ങി മിനിറ്റുകള്‍ക്കകമായിരുന്നു ആക്രമണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ യുവതിയും പ്രതികരിച്ചു. 

രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ അബോധവസ്ഥയിലായ ആബെ നിലത്തുവീഴുകയായിരുന്നു. രക്തംവാര്‍ന്നൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിര്‍ണായക സ്വാധീനമുള്ള വ്യക്തിതത്വമായിരുന്നു. ഏറ്റവും കൂടുതല്‍കാലം ജപ്പാന്‍ പ്രധാനമന്ത്രിപദം വഹിച്ചിരുന്നയാളാണ് ആബെ. 2006 ല്‍ ഒരു വർഷത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും അദ്ദേഹം ജപ്പാന്‍ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം 2020 ല്‍ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ആബെ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K