21 June, 2022 12:46:33 AM
ഫ്രഞ്ച് തെരഞ്ഞെടുപ്പ് : പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പാർട്ടിക്കു ഭൂരിപക്ഷമില്ല
പാരീസ്: ഞായറാഴ്ച ഫ്രഞ്ച് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മധ്യവർഗ സഖ്യത്തിനു കേവലഭൂരിപക്ഷം നേടാനായില്ല. മേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മക്രോണിനോട് പരാജയപ്പെട്ട മരീൻ ലെ പെന്നിന്റെ നാഷണൽ റാലി പാർട്ടി 89 സീറ്റും ജീൻ ലൂക് മെലിങ്കണിന്റെ തീവ്രഇടപതുപക്ഷ സഖ്യത്തിന് 131 സീറ്റും നേടി.
നാഷണൽ റാലി പാർട്ടിക്ക് കഴിഞ്ഞതവണ എട്ടു സീറ്റ് മാത്രമാണുണ്ടായിരുന്നത്. മക്രോണിന്റെ ലാ റിപ്പബ്ളിക്ക പാർട്ടിയുൾപ്പെടുന്ന മധ്യവർഗ സഖ്യം 577 അംഗ പാർലമെന്റിൽ 245 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് 44 സീറ്റിന്റെ കുറവുണ്ട്. നികുതി ഇളവ്, വിരമിക്കൽ പ്രായം 62 ൽനിന്ന് 65 ലേക്ക് ഉയർത്തൽ തുടങ്ങിയ മക്രോണിന്റെ വാഗ്ദാനങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കുക ഇനി ദുഷ്കരമാകും.
മക്രോൺ ന്യൂനപക്ഷ പ്രസിഡന്റായെന്നും വിരമിക്കൽ പ്രായമുയർത്തൽ ഉൾപ്പെടെയുള്ള നയങ്ങൾ നടപ്പിലാകില്ലെന്നും ലെ പെൻ തിങ്കളാഴ്ച ഹെനിൻ- ബ്യൂമൗണ്ടിൽ പറഞ്ഞു. തന്റെ പാർട്ടി ചരിത്രവിജയമാണ് നേടിയിരിക്കുന്നതെന്നും പാർലമെന്റിലേക്ക് വിജയിച്ച ഇവർ പറഞ്ഞു.