15 June, 2022 01:31:46 AM
'സിവറോഡൊണസ്റ്റക്കും വീണു'; ഇവിടേക്കുള്ള മൂന്നു പാലങ്ങൾ റഷ്യൻ സൈന്യം തകർത്തു
ലിവിവ്: കനത്ത പോരാട്ടം തുടരുന്ന കിഴക്കൻ യുക്രെയ്നിലെ സിവറോഡൊണസ്റ്റക്കിന്റെ 80 ശതമാനം പ്രദേശങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായി. ഇവിടേക്കു പ്രവേശിക്കാനുള്ള മൂന്നു പാലങ്ങൾ റഷ്യൻ സൈന്യം തകർത്തു. റഷ്യ വിനാശകരമായ ആയുധങ്ങളും തന്ത്രങ്ങളും പ്രയോഗിക്കുന്നതിനാൽ സൈന്യം പിൻവലിയാൻ നിർബന്ധിതരായെന്നു ലുഹാൻസ്ക് റീജണൽ ഗവർണർ സെർഹി ഹയ്ദൈ വാർത്താ ഏജൻസിയോടു പറഞ്ഞു.
ഏകദേശം 12,000 പേർ ഇപ്പോഴും സിവറോഡൊണസ്റ്റക്കിൽ ശേഷിക്കുന്നുണ്ട്. യുദ്ധത്തിനു മുന്പ് ഒരു ലക്ഷത്തിലധികം ആളുകൾ അധിവസിച്ചിരുന്ന നഗരമാണിത്. റഷ്യ കനത്ത ആക്രമണം നടത്തി തകർത്ത അസോട്ട് കെമിക്കൽ പ്ലാന്റിൽ ഇപ്പോഴും 500 പേർ അവശേഷിക്കുന്നതായാണു കണക്ക്. 24 മണിക്കൂറിനിടെ 70 പേരെ മാത്രമാണ് ലുഹാൻസ്ക് മേഖലയിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞത്. ഇവിടെ റഷ്യൻ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, അസോട്ട് കെമിക്കൽ പ്ലാന്റിൽ അഭയംതേടിയവരെ രക്ഷിക്കാൻ ഇനിയും വഴികൾ അവശേഷിക്കുന്നുണ്ടെന്നു റഷ്യൻ സൈന്യം അറിയിച്ചു. ഇവർക്കായി മനുഷ്യാവകാശ ഇടനാഴി തുറക്കാൻ തയാറാണെന്നു വ്യക്തമാക്കിയ റഷ്യൻ പ്രതിരോധമന്ത്രാലയം, വിമതമേഖലയായ ലുഹാൻസ്കിലേക്കാവും ഇവർ പോകേണ്ടിവരികയെന്നും അറിയിച്ചു. പ്ലാന്റിൽ തുടരുന്ന യുക്രേനിയൻ സൈനികർക്കു കീഴടങ്ങാൻ ഒരു ദിവസംകൂടി റഷ്യൻ സൈന്യം അനുവദിച്ചിട്ടുണ്ട്. പ്ലാന്റിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വഴി തുറക്കണമെന്ന് യുക്രെയ്ൻ അഭ്യർഥിച്ചിരുന്നു.