12 June, 2022 07:52:30 AM
ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്: ഒരു ഇന്ത്യക്കാരൻ കൂടി അമേരിക്കയിൽ അറസ്റ്റിൽ
വാഷിംഗ്ടണ്‍: അമേരിക്കയിൽ മുതിർന്ന പൗരൻമാരെ ലക്ഷ്യമിട്ടു വൻ തട്ടിപ്പുനടത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻകൂടി അറസ്റ്റിൽ. അനിരുദ്ധ കൽകോട്ടെ എന്ന 24കാരനാണു വിർജീനിയയിൽ അറസ്റ്റിലായത്. ഇയാളെ ഹൂസ്റ്റണിലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. ഗൂഢാലോചന, തട്ടിപ്പ് എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഹൂസ്റ്റണിലെ അനധികൃത താമസക്കാരനായ എം.ഡി. ആസാദ് എന്ന 25കാരനെയും പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 20 വർഷംവരെ തടവും 2.5 ലക്ഷം ഡോളർവരെ പിഴയും ലഭിക്കാം. കേസിൽ കുറ്റക്കാരാണെന്നു നേരത്തേതന്നെ കണ്ടെത്തിയ സുമിത് കുമാർ സിംഗ് (24), ഹിമാൻഷു കുമാർ (24), എം.ഡി. ഹസിബ് (26) എന്നിവർ വിധിക്കായി കാത്തിരിക്കുകയാണ്. ഇവരെല്ലാം ഹൂസ്റ്റണിലെ അനധികൃത താമസക്കാരാണ്. ഒരു ഓണ്‍ലൈൻ പണമയയ്ക്കൽ സംവിധാനം ഉപയോഗിച്ച് ആളുകളുടെ സ്വകാര്യ-ബാങ്ക് വിവരങ്ങൾ ശേഖരിച്ചാണു സംഘം തട്ടിപ്പ് നടത്തിയത്.