10 June, 2022 11:09:33 AM
ജീവനക്കാരില്ല; നൂറോളം വിമാനങ്ങൾ റദ്ദാക്കി ജർമൻ വിമാനകമ്പനി ലുഫ്താൻസ
ബെർലിൻ: ജർമൻ ദേശീയ വിമാനക്കന്പനിയായ ലുഫ്താൻസ ജീവനക്കാരില്ലാത്തതിനാൽ നൂറോളം വിമാനങ്ങൾ റദ്ദാക്കി. കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നത്. യൂറോപ്പിൽ വേനലവധി ആയതിനാലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്നും വിമാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. എന്നാൽ വിമാനത്താവളത്തിലും എയർ ട്രാഫിക് കണ്ട്രോളിലും മതിയായ ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ലുഫ്താൻസ പറയുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവരുടെ ടിക്കറ്റുകൾ റീ ഷെഡ്യൂൾചെയ്തിട്ടുണ്ടെന്നും ജൂലൈയിലെ മാത്രം 900 വിമാനങ്ങൾ റദ്ദാക്കിയെന്നും കന്പനി പറയുന്നു.