10 June, 2022 07:41:53 AM
പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വിവാദത്തിലായ പോളണ്ട് മന്ത്രി രാജിവെച്ചു

വാർസോ: പോസ്റ്റ് മാസ്റ്ററെ പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വിവാദത്തിലായ പോളിഷ് മന്ത്രി മൈക്കൽ സിയെസ്ലാക്ക് രാജിവെച്ചു. ഈ മാസമാദ്യം കത്തുകൾ കൈപ്പറ്റാനായി തപാൽ ഓഫിസിലെത്തിയ മന്ത്രിയുമായി, സാധന വിലവർധനയെച്ചൊല്ലി പോസ്റ്റ് മാസ്റ്റർ തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പോസ്റ്റ് മാസ്റ്റർ ദേഷ്യപ്പെട്ട് സംസാരിച്ചെന്നും മോശം ഭാഷ ഉപയോഗിച്ചെന്നും ആരോപിച്ച് മന്ത്രി പോസ്റ്റൽ അധികാരികളോട് അവരെ പുറത്താക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ പോസ്റ്റ് മാസ്റ്റർ വിശദീകരണവുമായി രംഗത്തെത്തിയതോടെ പിരിച്ചുവിട്ട നടപടി പിന്നീട് അധികൃതർ റദ്ദാക്കി. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന വലതുപക്ഷ കൂട്ടുകക്ഷി സർക്കാരിലെ, തദ്ദേശ സഥാപനങ്ങളുടെ വികസന ചുമതലയുണ്ടായിരുന്ന മന്ത്രിയായിരുന്നു മൈക്കൽ സിയെസ്ലാക്ക്. രാജിവെച്ചില്ലെങ്കിൽ മന്ത്രിയെ പുറത്താക്കുമെന്ന് ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി നേതാവ് ജറോസ്ലാവ് കാസിൻസ്കി വ്യക്തമാക്കിയിരുന്നു.





