07 June, 2022 08:11:25 AM
വിശ്വാസവോട്ടെടുപ്പിൽ വിജയം: ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും
ലണ്ടൻ: ബോറിസ് ജോണ്‍സണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. കണ്‍സര്‍വേറ്റീവ് പാർട്ടിയിലെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണിത്. വോട്ടെടുപ്പിൽ 211 എംപിമാർ ബോറിസിനെ അനുകൂലിച്ചു. 148 എംപിമാർ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
കോവിഡ് ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ചു മദ്യസൽക്കാരങ്ങൾ നടന്നതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്‍റെ പൂർണരൂപം കഴിഞ്ഞയാഴ്ചയാണു പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ കൂടുതൽ എംപിമാർ ജോൺസനെതിരെ രംഗത്ത് എത്തിയതാണ് വിനയായത്. കൺസർവേറ്റീവ് പാർട്ടിയിലെ 54 എംപിമാർ ജോൺസനെതിരെ വിശ്വാസ വോട്ടിനു കത്ത് നൽകുകയായിരുന്നു. 25 എംപിമാർ പരസ്യമായും പ്രതികരിച്ചിരുന്നു.
മദ്യവിരുന്നിൽ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോൺസൺ പാർലമെന്‍റിൽ ക്ഷമാപണം നടത്തിയെങ്കിലും രാജിവയ്ക്കാൻ തയാറായിരുന്നില്ല. സംഘടനാചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടതോടെ വിശ്വാസ വോട്ടെടുപ്പ് നടത്തുകയായിരുന്നു. വോട്ടെടുപ്പിൽ ഭൂരിപക്ഷം കിട്ടിയതിനാൽ ജോൺസണു പ്രധാനമന്ത്രിയായി തുടരാം. മറ്റൊരു അവിശ്വാസ വോട്ടെടുപ്പിന് 12 മാസം കഴിയാതെ സാധിക്കുകയുമില്ല.