06 June, 2022 10:31:37 AM
നൈജീരിയയില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 മരണം; നിരവധി പേർക്ക് പരിക്ക്
അബൂജ: നൈജീരിയയില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 ഓളം പേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഓണ്‍ഡോയിലെ സെന്‍റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെയായിരുന്നു വെടിവെപ്പ്. തോക്കുമായെത്തിയ സംഘം വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പള്ളിയിലേക്ക് ഇവര്‍ സ്ഫോടക വസ്തുക്കളും എറിഞ്ഞു.
പെന്തക്കോസ്‌തി പെരുന്നാൾ ദിവസം വിശ്വാസികള്‍ ഞായറാഴ്‌ച ഒത്തുകൂടിയ സമയത്താണ് നാല് പേര്‍ അടങ്ങുന്ന അക്രമി സംഘം പള്ളിയിലേക്ക് കടന്നത്. തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.