22 May, 2022 07:01:11 PM


കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം



മസ്കറ്റ്: കൊവിഡുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം. എല്ലാ സ്ഥലങ്ങളിലെയും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു. തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി. 

അവരവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് തുടരണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. ഇതനുസരിച്ച് പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടരുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം.

സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K