16 May, 2022 08:32:32 PM
ശമ്പളം ഇനി സ്വർണ്ണമായി: ലക്ഷ്യം പണപ്പെരുപ്പം നേരിടാൻ വേറിട്ട രീതിയുമായി ഒരു കമ്പനി
ലണ്ടന്‍: ജീവനക്കാർക്ക് ശമ്പളമായി സ്വർണം നൽകാൻ ആരംഭിച്ച് ഇംഗ്ലണ്ടിലെ ഒരു കമ്പനി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഏറ്റവും മികച്ചൊരു രീതിയാണ് ഈ മാർഗമെന്നും കമ്പനി പറയുന്നു. റ്റാലി മണി എന്ന കമ്പനിയാണ് നൂതന ആശയം നടപ്പിലാക്കിയത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത് എന്തു കൊണ്ടും മികച്ച രീതിയാണെന്ന് കമ്പനി സിഇഒ കാമറൂൺ പാരി പറഞ്ഞു. 20 ജീവനക്കാരാണ് നിലവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.
പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പണമായി ശമ്പളം നൽകുന്നത് അനുയോജ്യമല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പാരി പറയുന്നു. ജീവിതച്ചെലവു തന്നെ കണ്ടെത്താനാകാത്ത നിലവിലെ സാഹചര്യത്തിൽ യുകെ കറൻസിയായ പൗണ്ടിൽ ശമ്പള വർദ്ധനവ് നൽകുന്നതു കൊണ്ട് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സ്കീമിന്‍റെ പരീക്ഷണ ഘട്ടത്തിൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മുഴുവൻ ജീവനക്കാർക്കുമായി ഈ നയം വിപുലീകരിക്കാനാണ് നീക്കം. സ്വർണ്ണത്തിൽ ശമ്പളം വാങ്ങണോ അതോ പണമായിത്തന്നെ വാങ്ങണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാം.
സ്വർണ്ണത്തിൽ ശമ്പളം നൽകുക എന്നാൽ ലോഹക്കഷണങ്ങൾ നൽകുന്നു എന്ന് അർഥമില്ല. പകരം, നിലവിലെ സ്വർണ്ണം-പൗണ്ട് നിരക്ക് അടിസ്ഥാനമാക്കി അവർക്ക് പണം പിൻവലിക്കാൻ കഴിയും. പൗണ്ട് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് താഴ്ന്നിരിക്കുന്നത്. 2022 സാമ്പത്തിക മാന്ദ്യത്തിന്‍റെ വർഷമായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചിപ്പിച്ചിട്ടുമുണ്ട്.