13 May, 2022 10:38:35 PM


മുടിയില്ലാത്ത പുരുഷനെ 'കഷണ്ടി' എന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാം



ലണ്ടന്‍: മുടിയില്ലാത്ത പുരുഷനെ 'കഷണ്ടി' എന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്‌മെന്‍റ് ട്രിബ്യൂനല്‍. കഷണ്ടി എന്ന പദം ഉപയോഗിക്കുന്നത് വിവേചനമാണെന്ന് ഒരു ജഡ്ജി നിരീക്ഷിച്ചു. വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോലി സ്ഥലത്ത് ഒരു പുരുഷന്‍റെ കഷണ്ടിയെക്കുറിച്ച് പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്നും ട്രിബ്യുനല്‍ വ്യക്തമാക്കി.

ഒരു ഇലക്ട്രീഷ്യനും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനവും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് മൂന്നു പേരടങ്ങുന്ന പാനല്‍ വിധി പുറപ്പെടുവിച്ചത്. വെസ്റ്റ് യോര്‍ക്ഷയര്‍ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിന്‍ എന്നയാള്‍ നല്‍കിയ കേസിലാണ് വിധി. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫാക്ടറി സൂപ്പര്‍വൈസറുമായി നടന്ന തര്‍ക്കത്തിനിടെ ടോണി ഫിന്നിനെ മുടിയുടെ അഭാവത്തെക്കുറിച്ച് സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് താന്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി ഫിന്‍ പരാതിപ്പെടുകയും ചെയ്തു.

കേസ് ജഡ്ജി ജോനാഥന്‍ ബ്രെയിനിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂനലിന്‍റെ പരിധിയിലെത്തി. സംഭവം ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂനല്‍ പറഞ്ഞു. വിധിന്യായത്തില്‍ ഒരു വശത്ത് 'കഷണ്ടി' എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്നും വിധിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K