10 May, 2022 02:02:36 AM
'ലങ്കാദഹനം': രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വീടിന് തീയിട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം ആളിക്കത്തുന്നു. പ്രധാനമന്ത്രി പദം മഹിന്ദ രാജപക്സെ രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ വീടിനു പ്രതിഷേധക്കാർ തീയിട്ടു. രാജപക്സെയുടെ കുരുനഗലയിലെ വീടിനാണ് തീയിട്ടത്. രാജപക്സെയുടെ വീടിനു പുറമേ എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.
ഇതിനിടെ ശ്രീലങ്കയിൽ ഭരണകക്ഷി എംപി അമരകീർത്തി അതുകൊറള വെടിയേറ്റു മരിച്ചു. പ്രതിഷേധക്കാർ വളഞ്ഞതോടെ അമരകീർത്തി സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമരകീർത്തിയുടെ കാർ തടഞ്ഞ പ്രതിഷേധക്കാർക്കു നേരെ അദ്ദേഹം നിറയൊഴിച്ചിരുന്നു. എംപിയുടെ വെടിയേറ്റ ഒരാൾ മരിക്കുകയും ചെയ്തു. തുടർന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ എംപിയെ ജനക്കൂട്ടം വളഞ്ഞു. ഇതോടെ എംപി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ശ്രീലങ്കയിൽ പലയിടങ്ങളിലായി ഉണ്ടായ അക്രമങ്ങളിൽ രണ്ട് പേർ മരിച്ചു. 139 പേർക്കാണ് പരിക്കേറ്റത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ മഹിന്ദയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകിയതോടെയാണ് അദ്ദേഹം രാജിവച്ചത്. കൊളംബോയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദി മഹിന്ദ രാജപക്സെയുടെ അനുയായികൾ തകർത്തത് വലിയ പ്രതിഷധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അക്രമികൾ പ്രതിപക്ഷ നേതാവിനെയും സമരക്കാരെയും ക്രൂരമായി മർദിച്ചിരുന്നു.