05 May, 2022 03:20:20 PM


തൃക്കാക്കരയില്‍ വികസന വാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരം - വി.ഡി.സതീശന്‍



കൊച്ചി: വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സിപിഎം എതിരായിരുന്നു. തന്‍റെ നെഞ്ചിലായിരിക്കും ആദ്യ വിമാനം ഇറങ്ങുന്നതെന്നു പറഞ്ഞ നേതാവിനെ നമുക്ക് അറിയാം. കലൂര്‍ സ്റ്റേഡിയത്തെയും അവര്‍ എതിര്‍ത്തു. ദ്വീപ് സമൂഹത്തിന്‍റെ തലവര മാറ്റി എഴുതിയ ഗോശ്രീ പാലത്തിനെതിരെ കേസ് കൊടുത്തത് സിപിഐഎമ്മാണെന്നും അദ്ദേഹം പറഞ്ഞു.

ഗെയില്‍ പദ്ധതി ഭൂമിക്കടിയിലെ ബോബ് ആണെന്നു പറഞ്ഞ് എതിര്‍ത്തത് ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ നേതൃത്വത്തിലാണ്. മെട്രൊ, വാട്ടര്‍ മെട്രൊ, സിറ്റി ഗ്യാസ് പദ്ധതി, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്, സ്മാര്‍ട്ട് സിറ്റി, ഇന്‍ഫോ പാര്‍ക്ക് തുടങ്ങി എണ്ണമറ്റ വികസന പദ്ധതികള്‍ യുഡിഎഫിന്‍റെ സംഭവനയാണ്. യുഡിഎഫ് ആറു വര്‍ഷം മുന്‍പ് വിഭാവനം ചെയ്ത മെട്രൊ രണ്ടാം ഘട്ടം കാക്കനാട്ടേക്ക് നീട്ടാന്‍ കഴിയാത്തവരാണ് ഒരിക്കലും നടക്കാത്ത കമ്മീഷന്‍ റെയിലിന് പിന്നാലെ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഉമ തോമസ് എല്ലാവരുടെയും സ്ഥാനാര്‍ഥിയാണ്. ഉമ ആയിരിക്കും അടുത്ത തൃക്കാക്കരയുടെ എംഎല്‍എയെന്ന് സംശയമില്ലാതെ പറയാന്‍ കഴിയുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ പറഞ്ഞു. 9ന് നിയോജക മണ്ഡലം കണ്‍വഷന്‍ നടത്തും. 7,8,10,11 തിയതികളില്‍ മണ്ഡലം കണ്‍വന്‍ഷനുകളും 8,10,11,12 തിയതികളില്‍ ബൂത്ത് കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കും. 16 മുതല്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കും. 17 മുതല്‍ 21 വരെ സ്ഥാനാര്‍ഥി പര്യടനം നടത്താനും തിരുമാനിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K