13 January, 2026 09:31:58 AM
ഞാന്‍ അതിജീവിതനൊപ്പം- രാഹുലിനെ പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചു.
അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണം. താന്‍ അദ്ദേഹത്തോടൊപ്പമാണ്. അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. അദ്ദേഹത്തിനൊപ്പമാണ്. പിന്നെ സത്യത്തിനൊപ്പവും. അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്.
കൂടുതല്‍ റേറ്റിങ്ങ് കിട്ടുന്നു എന്നതുകൊണ്ടാണ് മാധ്യമങ്ങള്‍ ഈ കേസിന് ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്. നിയമസഭ സാമാജികന്‍, ജനപ്രതിനിധി എന്നീ നിലകളില്‍ പ്രാധാന്യം കൊടുക്കേണ്ടതു തന്നെയാണ്. പക്ഷെ ഇത്രയധികം കഥകള്‍ പറയുമ്പോള്‍, ഇല്ലാക്കഥകള്‍ പറയുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ചില മാധ്യമങ്ങള്‍ അജണ്ട വെച്ച് രാവിലെ മുതല്‍ നടത്തുന്ന കഥാപ്രസംഗങ്ങളില്‍ വാസ്തവവും വസ്തുതയും എത്രമാത്രം ഉണ്ട് എന്നു ബോധ്യപ്പെടേണ്ടതാണെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തു.







