01 May, 2022 06:17:53 PM
അമേരിക്കയെ കത്തിയെരിച്ച് കാട്ടുതീ; ആഘാതം ടെക്സസ് മുതൽ അരിസോന വരെ
ന്യൂയോര്‍ക്ക്: അമേരിക്കയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു. കലിഫോർണിയയിൽ മാത്രം 14850 കോടി യുഎസ് ഡോളറിന്‍റെ നഷ്ടം കാട്ടുതീ മൂലം സംഭവിക്കുന്നുവെന്നാണ് കണക്ക്. അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് തീ പടർന്നു പിടിച്ചത്. ഉയർന്ന വേഗതയിൽ വീശിയടിച്ച കാറ്റാണ് ഇതിനു വഴിവച്ചത്. ന്യൂമെക്സിക്കോ സംസ്ഥാനത്ത് തീ വലിയ നാശം വിതച്ചു. 166 വീടുകളാണ് ഇവിടെ നശിച്ചത്.
ഏപ്രിൽ 22 മുതലാണ് അമേരിക്കയിൽ കാട്ടുതീ ശക്തമായത്. ടെക്സസ് മുതൽ അരിസോന വരെ ഇതിന്റെ ആഘാതമുണ്ടായി. തെക്കുകിഴക്കൻ യുഎസ് മേഖലയിലെ ന്യൂമെക്സിക്കോ, അരിസോന, നെവാദ, കൊളറാഡോ, ടെക്സസ്, ഓക്‌ലഹോമ, നെബ്രാസ്ക എന്നിവിടങ്ങളിലാണ് കാട്ടുതീയുടെ തീവ്രത ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്.
ന്യൂമെക്സിക്കോയിൽ മാത്രം ആയിരത്തോളം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. പല സംസ്ഥാനങ്ങളിലും കൂടുതൽ തീയുണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. അഗ്നിബാധ മൂലം ഒരു മരണം മാത്രമാണ് യുഎസിൽ ഇതുവരെ സംഭവിച്ചത്. അഗ്നിശമനസേനാംഗങ്ങളിലെ സന്നദ്ധ പ്രവർത്തകരിലൊരാളാണ് തീയേറ്റു മരിച്ചത്.
കഴിഞ്ഞവർഷവും യുഎസിൽ കാട്ടുതീ വലിയതോതിൽ പടർന്നുപിടിച്ചിരുന്നു. യുഎസിന്റെ നാഷണൽ ഇൻട്രാ ഏജൻസി ഫയർ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം 44,647 അഗ്നിബാധകൾ കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യുഎസിലുണ്ടായി. കഴിഞ്ഞ ഡിസംബറിൽ കൊളറാഡോയിലുണ്ടായ മാർഷൽ തീപിടിത്തം കൊളറാഡോ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധകളിലൊന്നായാണു കരുതപ്പെടുന്നത്. ബോൾഡർ എന്ന സ്ഥലത്ത് ചെറിയ ഒരു തീയായാണ് അഗ്നിബാധ തുടങ്ങിയത് പിന്നീട് ഇതു വ്യാപിക്കുകയായിരുന്നു. ആയിരത്തിലധികം കെട്ടിടങ്ങൾ ഇതു മൂലം നശിച്ചിരുന്നു. മരണം ഇല്ലായിരുന്നെങ്കിലും ആറിലധികം പേർക്ക് പൊള്ളൽ മൂലം പരുക്ക് പറ്റി.