25 April, 2022 09:48:59 AM
അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുനിസെഫ്
ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുനിസെഫ്. ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു.
പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സാധ്യമായത് ചെയ്യും. അധ്യാപകർക്ക് ശമ്പളം നൽകുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തെ സഹായിക്കുമെന്ന് യുനിസെഫ് വാഗ്ദാനം ചെയ്തു. വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും പാഠപുസ്തകങ്ങളും എത്തിക്കും. തങ്ങളുടെ സഹായം ആവശ്യമുള്ള കുട്ടികളെ ഉപേക്ഷിക്കില്ലെന്നും യുനിസെഫ് ഉറപ്പ് നൽകി.
അതേസമയം, ഏഴ് മുതൽ 12 വരെ പ്രായമുള്ള പെൺകുട്ടികൾക്കായി സമീപഭാവിയിൽ സ്കൂളുകൾ തുറക്കുമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.