08 April, 2022 12:41:45 PM


അമേരിക്കൻ രഹസ്യ സേനയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ചാരന്മാർ പിടിയിൽ



വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റിന്‍റെ സുരക്ഷാ ചുമതലയുള്ള ഉന്നത രഹസ്യാന്വേഷണ വിഭാഗം ഉൾപ്പെടെയുള്ള അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിലേക്കും സുരക്ഷാ സംവിധാനത്തിലേക്കും നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ചാരന്മാർ പിടിയിൽ. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ നീക്കമാണ് തകർത്തതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചു. യുഎസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഏരിയൻ തഹെർസാദെ (40), ഹൈദർ അലി(35) എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ നാല് അംഗങ്ങളെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. തനിക്കു പാകിസ്ഥാനിലെ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസ് ഏജൻസിയുമായി ബന്ധമുണ്ടെന്നു ഹൈദർ അലി ചിലരോടു പറഞ്ഞതായി വ്യക്തമായെന്ന് അസിസ്റ്റന്‍റ് യുഎസ് അറ്റോർണി ജോഷ്വ റോത്ത്സ്റ്റൈൻ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലെ മജിസ്ട്രേറ്റ് ജഡ്ജി ജി മൈക്കൽ ഹാർവിയോടു പറഞ്ഞു. അലിക്കു പാകിസ്ഥാനിൽനിന്നും ഇറാനിൽനിന്നും ഒന്നിലധികം വീസകളും ഉണ്ടായിരുന്നുവെന്നു ഫെഡറൽ ലോ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫെഡറൽ ലോ എൻഫോഴ്സ്മെന്‍റിലെ അംഗങ്ങളുമായും ഡിഫൻസ് കമ്യൂണിറ്റിയുമായും ബന്ധം പുലർത്താൻ ഇരുവരും ശ്രമിച്ചിരുന്നു. യുഎസ് സ്റ്റേറ്റിന്‍റെ ഉദ്യോഗസ്ഥർ എന്നാണ് ഇരുവരും മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. തഹെർസാദെ യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസിലെ (യുഎസ്എസ്എസ്) ചില അംഗങ്ങൾക്കും ഡിഎച്ച്എസിലെ ഒരു ജീവനക്കാരനും പല സൗജന്യങ്ങളും നൽകി പ്രീതി പിടിച്ചുപറ്റാൻ ശ്രമിച്ചു. വാടക രഹിത അപ്പാർട്ട്മെന്‍റുകൾ (ഒരു അപ്പാർട്ട്മെന്‍റിന് മൊത്തത്തിൽ 40,000 യുഎസ് ഡോളറിലധികം വാർഷിക വാടകയുള്ളത്), ഐ ഫോണുകൾ, നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോൺ, ഒരു ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷൻ, റൈഫിൾ, ഒരു ജനറേറ്റർ, നിയമ നിർവഹണ സാമഗ്രികൾ എന്നിവയും നൽകി.

കൂടാതെ, പ്രഥമ വനിതയുടെ സുരക്ഷാ വിശദാംശങ്ങൾക്കായി നിയോഗിച്ചിട്ടുള്ള ഒരു യുണൈറ്റഡ് സീക്രട്ട് സർവീസ് ഏജന്‍റിന് 2,000 യുഎസ് ഡോളറിന്‍റെ റൈഫിൾ വാങ്ങാൻ അദ്ദേഹം വാഗ്ദാനം നൽകി. ഇത്തരം പ്രലോഭനങ്ങൾക്ക് വശംവദരായി എന്നു സംശയിക്കുന്ന സീക്രട്ട് സർവീസിലെ നാല് അംഗങ്ങളെയാണ് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്. ഇവർക്കെതിരേ കൂടുതൽ അന്വേഷണം നടക്കും.

വാഷിംഗ്ടൺ ഡിസിയിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തഹെർസാദും അലിയും വീഡിയോ നിരീക്ഷണം നടത്തിയിരുന്നതായി കോടതി രേഖകളിൽ പറയുന്നു. അപ്പാർട്ട്മെന്‍റിലെ താമസക്കാരുമായും ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. അവിടുത്തെ താമസക്കാർക്കും തഹെർസാദെ സമ്മാനങ്ങളോ സഹായങ്ങളോ ഒക്കെ നൽകിയിരുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറയുന്നു.

അവരിൽ പലരും എഫ്ബിഐ അല്ലെങ്കിൽ നിയമ നിർവഹണ ഏജൻസികളിലെ അംഗങ്ങളോ പ്രതിരോധ വകുപ്പും നാവികസേനയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ ജീവനക്കാരോ ആയിരുന്നു. തഹെർസാദെ താമസക്കാരിൽ ഒരാളുടെ ഭാര്യയ്ക്കു തന്‍റെ വാഹനം വായ്പ നൽകി. കൂടാതെ അവർക്ക് ഒരു ജനറേറ്ററും നൽകി. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റൊരു സീക്രട്ട് സർവീസ് ഏജന്‍റിന് 48,200 ഡോളറിന്‍റെ അപ്പാർട്ട്മെന്‍റ് ഒരു വർഷത്തേക്കു വാടക രഹിതമായി നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K