08 April, 2022 09:51:06 AM
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി
അബുദാബി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി. ജൂൺ ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തിൽവരിക. അബുദാബി പരിസ്ഥിതി ഏജന്‍സിയാണ് ഇക്കാര്യമറിയിച്ചത്. 2020-ല്‍ അവതരിപ്പിച്ച എമിറേറ്റിന്റെ സംയോജിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഒറ്റത്തവണമാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകള്‍, പ്ലാസ്റ്റിക് കത്തി, കാപ്പിയുംചായയും ഇളക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങി 16-തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ആദ്യഘട്ടമായാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2024-ഓടെ ഒറ്റത്തവണ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, മറ്റു കണ്ടെയ്നറുകള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.