03 April, 2022 08:21:15 AM
അടിയന്തരാവസ്ഥ; ശ്രീലങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ 36 മണിക്കൂർ കർഫ്യു
കൊളംബോ: സാമ്പത്തിക തകര്‍ച്ചയിൽ ദൈനംദിന ജീവിതം ദുസഹമായതോടെ ജനം പ്രതിഷേധപാതയിലേക്കു നീങ്ങിയ ശ്രീലങ്കയിൽ ഇന്നലെ വൈകുന്നേരം ആറുമുതൽ 36 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യവ്യാപക അടിയന്തരാവസ്ഥയും നിലവിൽവന്നു. ഇതോടെ സംശയം തോന്നുന്ന ആരെയും അറസ്റ്റ്ചെയ്ത് വിചാരണ കൂടാതെ ദിവസങ്ങളോളം തടവിലാക്കാൻ സൈന്യത്തിനു കഴിയും. തിങ്കളാഴ്ച പുലർച്ചെ ആറുവരെ നീളുന്ന കർഫ്യുവിലൂടെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നു സർക്കാർ കണക്കുകൂട്ടുന്നു.
അവശ്യസേവനങ്ങള്തേടി മാത്രമേ ആളുകൾക്കു വീടുവിട്ട് ഇറങ്ങാനാകു. ഇന്ധന പ്രതിസന്ധി രൂക്ഷമായ രാജ്യത്തിന് ആശ്വാസമായി ഇന്ത്യയിൽനിന്ന് 40,000 മെട്രിക് ടൺ ഡീസൽ ഇന്നലെ കൊളംബോയിലെത്തി. ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുന്ന ലങ്കയിലേക്ക് 40,000 ടണ്‍ അരി ഇന്ത്യയിൽനിന്ന് ഉടൻ എത്തിക്കും. ഇരുരാജ്യങ്ങളും കഴിഞ്ഞമാസം ഒപ്പുവച്ച കരാറിന്റെ ഭാഗമായാണ് സഹായം. ഇന്ധനക്ഷാമം മൂലം രാജ്യത്തെ പൊതുഗതാഗത സംവിധാനം നിലച്ച മട്ടിലാണ്. സ്വകാര്യബസ് സര്‍വീസുകൾ ഭൂരിഭാഗവും നിരത്തിലിറങ്ങിയിരുന്നില്ല.
വെള്ളിയാഴ്ച തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ വസതിക്കു സമീപം നടന്ന പ്രതിഷേധം വ്യാപക അക്രമത്തിലാണു കലാശിച്ചത്. വടക്കന്‍ പ്രദേശത്തും മധ്യമേഖലയിലും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇന്നലെ തെക്കന്‍ നഗരമായ ഗാലെയുൾപ്പെടെ കേന്ദ്രങ്ങളിലും പ്രതിഷേധക്കാർ വാഹനഗതാഗതം തടസപ്പെടുത്തി. അതിനിടെ, പ്രതിസന്ധി പരിഹരിക്കുന്നതിനു സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നു ഫ്രീഡം പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.
കോവിഡിനെത്തുടര്‍ന്ന് ടൂറിസം ഉൾപ്പെടെ തകർന്നതാണു ശ്രീലങ്കയെ കുഴപ്പത്തിലാക്കിയത്. സർക്കാരിന്റെ പിടിപ്പുകേടും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഗോതാബയ രാജപക്സെയുടെ സഹോദരന് മഹിന്ദ്ര രാജപക്സെയാണ് ലങ്കൻ പ്രധാനമന്ത്രി. ഇളയ സഹോദരന് ബേസില്‍ രാജപക്സെ ധനകാര്യമന്ത്രിയും. ഇതോടൊപ്പം മൂത്ത സഹോദരനും മരുമകനും കാബിനറ്റ് പദവിയിലാണ്