29 March, 2022 07:21:08 PM
കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം: ഷാംഗ്ഹായിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക്
ബെയ്ജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ പശ്ചാത്തലത്തിൽ ഷാംഗ്ഹായിലെ കിഴക്കൻ ഭാഗത്ത് ലോക്ക്ഡൗൺ കടുപ്പിച്ചിരിക്കുകയാണ് അധികൃതർ. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനടക്കം ഷാംഗ്ഹായിൽ വിലക്കുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാംഗ്ഹായ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉൾപ്പെടെ ചൈനയുടെ സാമ്പത്തിക കേന്ദ്രമായ പുഡോംഗ് പൂർണമായും അടഞ്ഞ് കിടക്കുകയാണ്.
കൊവിഡ് ടെസ്റ്റിന് വേണ്ടിയല്ലാതെ പ്രദേശത്തുള്ളവരോട് പുറത്ത് കടക്കരുതെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. 25 ദശലക്ഷം ജനസംഖ്യ വരുന്ന ഷാംഗ്ഹായിൽ രണ്ട് ഘട്ടമായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ജനങ്ങൾക്ക് തുറസായ സ്ഥലങ്ങളിൽ നടക്കാൻ പോരാനും മറ്റും ഇളവുണ്ടായിരുന്നു. എന്നാൽ പുതിയ നിയന്ത്രണം പ്രകാരം ആർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൊവ്വാഴ്ച 6,886 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫൈസറിന്റെ കൊവിഡ് ഗുളികയായ പാക്‌സ്ലോവിഡിന്റെ 20,000 പെട്ടികളാണ് ചൈന ഇറക്കുമതി ചെയ്തിരിക്കുന്നത്. ഹൈ-റിസ്‌ക് രോഗികളിൽ ചൈന ഈ മരുന്നാണ് ഉപയോഗിക്കുന്നത്. കൊവിഡ് നാലാം തരംഗം പടിവാതിൽക്കൽ നിൽക്കെ, നികുതിയിൽ ഇളവ്, വായ്പാ സഹായം, വാടക ഇനത്തിൽ ഇളവുകൾ എന്നിവ ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു.