27 March, 2022 09:21:37 PM


സഹോദരിയുടെ വിവാഹത്തിന് എത്തിയവര്‍ക്ക് സഹോദരന്‍റെ വക സ്പെഷ്യൽ കഞ്ചാവ് കേക്ക്



സാന്‍റിയാഗോ: സഹോദരിയുടെ വിവാഹത്തിനെത്തിയ അതിഥികൾക്ക് സഹോദരന്‍റെ വക സ്പെഷ്യൽ കേക്ക്. കഞ്ചാവ് കേക്കാണ് യുവാവ് സഹോദരിയുടെ വിവാഹത്തിനായി പ്രത്യേകം ഏർപ്പാടാക്കിയത്. ചിലിയിലെ സാന്‍റിയാഗോയിലുള്ള അൽവാരോ റോഡ്രിഗസ് എന്ന 29 കാരനാണ് ഏഴ് അടരുകളായുള്ള കേക്കിന്‍റെ ഒരു പാളിയിൽ കഞ്ചാവ് തേച്ചായിരുന്നു കേക്ക് ഉണ്ടാക്കിയത്. 

20 മണിക്കൂർ ചിലവഴിച്ചാണ് അൽവാരോ ഈ കേക്ക് ഉണ്ടാക്കിയതത്രേ. മാത്രമല്ല, സഹോദരിയും ഭർത്താവും ചേർന്ന് കേക്ക് മുറിക്കുന്നതിന്‍റെ വീഡിയോയും അൽവാരോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. കഞ്ചാവ് കേക്ക് കഴിച്ച് ഉന്മാദാവസ്ഥയിലായ അതിഥികൾ നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇതിനകം വൈറലായ വീഡിയോയ്ക്ക് 13 മില്യൺ വ്യൂസാണ് ലഭിച്ചിരിക്കുന്നത്. ചിലിയിൽ കഞ്ചാവ് നിയമവിധേയമായതിനാൽ അൽവാരോയുടെ പരീക്ഷണം തമാശയിൽ ഒതുങ്ങി. 

സഹോദരിയുടെ താത്പര്യ പ്രകാരമാണ് കഞ്ചാവ് കേക്ക് ഉണ്ടാക്കിയതെന്നാണ് അൽവാരോ പറയുന്നത്. നേരത്തേ സഹോദരിക്കൊപ്പം ചേർന്ന് 'മാജിക്കൽ ബ്രൗണി' ഉണ്ടാക്കിയതിന്‍റെ അനുഭവത്തിൽ നിന്നാണ് കഞ്ചാവ് കേക്ക് എന്ന ആശയത്തിലേക്ക് എത്തിയതെന്നും അൽവാരോ. കേക്ക് കഴിക്കുന്നതിനു മുമ്പ് തന്നെ അതിഥികളോട് അതിന്‍റെ പ്രത്യേകതയെ കുറിച്ച് പറഞ്ഞിരുന്നുവെന്നും അൽവാരോ പറഞ്ഞു. പ്രായപൂർത്തിയായവർക്ക് മാത്രമാണ് കേക്ക് നൽകിയതെന്നും അൽവാരോ വ്യക്തമാക്കി. 2015 ലാണ് ചിലിയൻ സർക്കാർ കഞ്ചാവ് നിയമവിധേയമാക്കുന്നത്. സ്വകാര്യ ഉപഭോഗം മാത്രമാണ് നിയമവിരുദ്ധം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K