27 March, 2022 09:01:16 PM
ഹിജാബ് ധരിച്ച സ്ത്രീയെ പ്രവേശിപ്പിച്ചില്ല; ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്‍റ് അടച്ചുപൂട്ടി
മനാമ: ഹിജാബ് ധരിച്ച സ്ത്രീയ്ക്ക് പ്രവേശനം നിഷേധിച്ചതിന്‍റെ പേരിൽ ബഹ്റൈനിൽ ഇന്ത്യൻ റസ്റ്ററന്‍റ് അടച്ചുപൂട്ടി. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ അദ് ലിയയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ജീവനക്കാരൻ റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് തടയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നതായി ബഹ്റൈൻ ന്യൂസ്, ഗൾഫ് ന്യൂസ് എന്നിവ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് റസ്റ്ററന്റിലെ ഡ്യൂട്ടി മാനേജറെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റസ്റ്ററന്റ് അടച്ചുപൂട്ടിയത്.
ജനങ്ങൾക്കെതിരെയുള്ള എല്ലാതരം വിവേചനങ്ങളും പ്രത്യേകിച്ച് അവരുടെ ദേശീയതയ്ക്കെതിരെയുള്ളത് അംഗീകരിക്കില്ലെന്ന് ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി പ്രസ്താവനയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ഡ്യൂട്ടി മാനേജറെ സസ്പെൻഡ് ചെയ്തതായി റസ്റ്ററന്റ് പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ഇയാൾ ഇന്ത്യക്കാരനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ബഹ്റൈനിൽ കഴിഞ്ഞ 35 വർഷമായി സേവനം നടത്തുന്നവരാണ് തങ്ങളെന്നും എല്ലാ രാജ്യക്കാരേയും ഒരുപോലെയാണ് സ്വീകരിച്ചതെന്നും റസ്റ്ററന്റിന്റെ പ്രസ്താവനയിൽ പറയുന്നു. ആളുകൾ കുടുംബവുമായി എത്തി ഭക്ഷണം ആസ്വദിക്കുന്ന സ്ഥലമാണ് തങ്ങളുടേത്. പ്രസ്തുത സംഭവം മാനേജരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്നും ഇയാളെ സസ്പെൻഡ് ചെയ്തുവെന്നുമാണ് റസ്റ്ററന്‍റിന്‍റെ വിശദീകരണം. മാനേജരുടെ പ്രവർത്തി തങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്നും പ്രസ്താവനയിൽ പറയുന്നു.