27 March, 2022 04:32:25 PM
ലക്ഷങ്ങള്‍ ചോദിച്ചു; കൊടുത്തില്ല: തന്നെ കേസില്‍ കുടുക്കിയതെന്ന് ഏറ്റുമാനൂരിലെ മുന്‍ മേല്‍ശാന്തി
- സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണം കളവുപോയതും മറ്റുമായ ക്രമക്കേടുകളില്‍ തന്നെ മനഃപൂര്‍വ്വം കുടുക്കിയതാണെന്ന പുതിയ വെളിപ്പെടുത്തലുമായി മുന്‍ മേല്‍ശാന്തി കേശവന്‍ സത്യേഷ്. ക്ഷേത്രത്തിലെ അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ കൈക്കൂലിയായും സംഭാവനയായും ഏഴ് ലക്ഷം രൂപയോളം തന്നോട് രണ്ട് തവണകളായി ആവശ്യപ്പെട്ടുവെന്നും അത് നല്‍കാത്തതിനാല്‍ ഉടലെടുത്ത വിരോധത്തിന്‍റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ മോഷണകുറ്റവും മറ്റും ചുമത്തിയതെന്ന് കേശവന്‍ സത്യേഷ് പറഞ്ഞു.
ശ്രീകോവിലിനുള്ളിലെ തിരുവാഭരണങ്ങള്‍ എണ്ണത്തിനെണ്ണം ബോധ്യപ്പെട്ടാണ് ഓരോ മേല്‍ശാന്തിയും മൂന്ന് വര്‍ഷത്തേക്ക് ചാര്‍ജെടുക്കുന്നത്. ഇങ്ങനെതന്നെയാണ് താനും ചാര്‍ജ് ഏറ്റെടുത്തത്. നിത്യേന ശ്രീകോവിലിനുള്ളില്‍ പൂജാദികര്‍മ്മങ്ങള്‍ക്കായി പ്രവേശിക്കാനുള്ള അവകാശം മേല്‍ശാന്തിക്കും, മേല്‍ശാന്തിയുടെ അഭാവത്തില്‍ നാല് മുട്ടുശാന്തിമാര്‍ക്കും മാത്രമാണ്. ഈ സാഹചര്യത്തില്‍ തിരുവാഭരണങ്ങളുടെ കാര്യത്തില്‍ ഈ അഞ്ച് പേര്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉണ്ടാവേണ്ടത്. എന്നാല്‍ ഇവിടെ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമാല കളവ് പോയെന്നും മാറിവെച്ചെന്നും പറഞ്ഞ് കുറ്റം ചാര്‍ത്തിയത് തന്‍റെ പേരില്‍ മാത്രമാണ്. തന്നോടാവശ്യപ്പെട്ട പണം നല്‍കാത്തതിന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നാണ് കേശവന്‍ സത്യേഷ് പറയുന്നത്.
2021 ജനുവരി 17ന് ശ്രീകോവിലിൽ അഗ്നിബാധ ഉണ്ടായതും മേൽശാന്തിയും കൈസ്ഥാനീയരും ജീവനക്കാരും ചേർന്ന് രണ്ടു മണിക്കൂർ ശ്രമിച്ച് തീ അണച്ചെങ്കിലും അത് പുറംലോകം അറിയാതെ അധികൃതര്‍ ഒതുക്കിവെച്ചതും ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. അഗ്നിബാധ ഉണ്ടായ സമയത്ത് കേടുപാടുകള്‍ സംഭവിച്ചെന്നു പറയുന്ന തിരുവാഭരണങ്ങള്‍ തന്‍റെ അനുവാദമില്ലാതെയാണ് മുട്ടുശാന്തിമാരില്‍ നിന്നും അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു വാങ്ങി കൈവശം സൂക്ഷിച്ചതെന്ന് കേശവന്‍ സത്യേഷ് ആരോപിക്കുന്നു. എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് തന്നെ ഇതുവരെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ നാഗപത്തി മാത്രമാണ് തിരിച്ചേല്‍പ്പിച്ചതെന്നും മുന്‍ മേല്‍ശാന്തി പറയുന്നു.
ഇതിനുശേഷം ഉത്സവസമയത്ത് അന്നത്തെ എ.ഓ മുരാരി ബാബു തന്നോട് ഒരു ലക്ഷം രൂപാ സംഭാവനയായി ചോദിച്ചിരുന്നു. എല്ലാ വര്‍ഷവും മേല്‍ശാന്തിമാരോട് ഓരോ കാര്യങ്ങള്‍ പറഞ്ഞ് പണം വാങ്ങുക ഇവിടെ പതിവാണ്. കോവിഡ് കാലമായതിനാല്‍ പണം നല്‍കാന്‍ നിര്‍വ്വാഹമില്ലെന്ന് പറയുകയാണ് അന്ന് ചെയ്തത്. ഇതിനുശേഷം പുതിയ മാനേജര്‍ ചാര്‍ജെടുത്തപ്പോള്‍, ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന എണ്ണ, കര്‍പ്പൂരം, നെയ്യ് തുടങ്ങിയ ദ്രവ്യങ്ങള്‍ ശ്രീകോവിലിനകത്ത് പ്രവേശിപ്പിക്കരുതെന്ന് പുതിയ നിയമം കൊണ്ടുവന്നു. ഇതിനെയും താന്‍ എതിര്‍ത്തുവെന്ന് കേശവന്‍ സത്യേഷ് പറയുന്നു.
തന്‍റെ കാലാവധി അവസാനിച്ച് ചാര്‍ജ് കൈമാറിയപ്പോള്‍ പതിവുപോലെ എണ്ണത്തിനെണ്ണം ബോധ്യപ്പെടുത്തവെ തിരുവാഭരണങ്ങളില്‍ അഞ്ചെണ്ണത്തിന്‍റെ കുറവുണ്ടായിരുന്നു. ഇത് തന്‍റെ മേല്‍ ചാര്‍ത്തിയതോടൊപ്പം അഞ്ചാറ് ലക്ഷം രൂപാ മുടക്കി ഒതുക്കിതീര്‍ക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് നിരാകരിച്ച താന്‍ സിംഗിള്‍ ലോക്കര്‍ തുറക്കാനാവശ്യപ്പെടുകയാണുണ്ടായത്. ആദ്യം അവര്‍ തയ്യാറായില്ലെങ്കിലും നിര്‍ബന്ധത്തിനുവഴങ്ങി അവസാനം തുറന്നപ്പോള്‍ എണ്ണത്തില്‍ കുറവുള്ള തിരുവാഭരണങ്ങള്‍ ലഭിച്ചു.
2021 ജൂലൈ 5ന് താന്‍ ചാര്‍ജ് ഒഴിഞ്ഞ് ഒന്നരമാസത്തിനുശേഷമാണ് തന്‍റെ മേല്‍ ആരോപണങ്ങള്‍ ചാര്‍ത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചതെന്ന് കേശവന്‍ സത്യേഷ് പറയുന്നു. ഈ ഒന്നര മാസത്തിനുള്ളില്‍ ക്ഷേത്രത്തില്‍ എന്തൊക്കെ തിരിമറികള്‍ നടന്നുവെന്ന് തനിക്കറിവില്ലെന്നും ഇദ്ദേഹം പറയുന്നു. തനിക്കെതിരെയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടും ദേവസ്വം ബോര്‍ഡിന്‍റെ നടപടികളും ഗൂഢാലോചനയുടെ ഭാഗം തന്നെയാണെന്നും ഇക്കാര്യങ്ങള്‍ വ്യക്തമാക്കി താന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേശവന്‍ സത്യേഷ് പറയുന്നു.