17 November, 2025 10:52:26 AM


വിവാഹമോചന ഒത്തുതീർപ്പിന് നൽകിയ 40 ലക്ഷം തട്ടി: നെടുമങ്ങാട് അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ



നെടുമങ്ങാട്: വിവാഹമോചന കേസിൽ ഒത്തുതീർപ്പിനായി വാങ്ങിയ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ അഭിഭാഷകയും സഹായിയും അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് സ്വദേശിനിയും അഭിഭാഷകയുമായ യു. സുലേഖ (57), സുഹൃത്തും സഹായിയുമായ കരിപ്പൂര് സ്വദേശി അരുൺദേവ് (52) എന്നിവരാണ് പോലീസ് പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളാണിവർ. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ നെടുമങ്ങാട് സി.ഐ. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയും സുലേഖയുടെ ഭർത്താവുമായ നസീർ (59) ഒളിവിലാണ്.

2025 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് സ്വദേശി ഹാഷിമാണ് പരാതിക്കാരൻ. വിവാഹമോചനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് കുടുംബകോടതിയിൽ മധ്യസ്ഥത നടക്കുമ്പോൾ, ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം എതിർകക്ഷിക്ക് നൽകാനായി 40 ലക്ഷം രൂപ ഹാഷിം അഭിഭാഷകയായ സുലേഖയെ ഏൽപ്പിച്ചു. എന്നാൽ, 2025 ജൂലൈയിൽ സുലേഖയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്ത ഈ തുക എതിർകക്ഷിക്ക് കൈമാറാതെ ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. ഇതോടെ ഹാഷിം അഭിഭാഷകയ്ക്കും ഭർത്താവിനുമെതിരെ പോലീസിലും ഹൈക്കോടതിയിലും പരാതി നൽകി.

ഒളിവിൽപ്പോയ പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പത്തു ദിവസത്തിനകം തുക മടക്കി നൽകാം എന്ന പ്രതികളുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ വാറന്റ് ഇടയ്ക്ക് മരവിപ്പിച്ചെങ്കിലും, സത്യവാങ്മൂല വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതോടെ കോടതി നടപടി കടുപ്പിച്ചു. ഇതോടെ, സുലേഖയെ തമിഴ്നാട്ടിൽ ഒളിവിൽ പാർക്കാൻ സൗകര്യമൊരുക്കിയത് സുഹൃത്തായ അരുൺദേവാണ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943